കാക്കൂർ കേസിൽ തെളിവെടുപ്പ് നടത്തി
1338677
Wednesday, September 27, 2023 2:18 AM IST
തിരുമാറാടി: : കാക്കൂർ ലക്ഷം വീട് കോളനിയിൽ അയൽവാസിയെ വീടുകയറി കൊലപ്പെടുത്തിയ പ്രതി കാക്കൂർ മണക്കാട്ട് താഴം മഹേഷിനെ (44) പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കല്ലുവളവിങ്കൽ സണ്ണി വർക്കിയുടെ മകൻ സോണി (32) ആണ് തിങ്കളാഴ്ച രാത്രി ഏഴോടെ മഹേഷിന്റെ കുത്തേറ്റ് മരിച്ചത്.
കിടക്കയ്ക്കു താഴെ ഒളിപ്പിച്ചു വച്ചിരുന്ന കുത്താനുപയോഗിച്ച കത്തി പ്രതി പോലീസിന് എടുത്തു നൽകി. പത്തു വർഷങ്ങൾക്കു മുന്‍പ് മൂത്ത മകൻ സലിമിനെ നഷ്ടപ്പെട്ട സണ്ണി വർക്കിയുടെ ഇളയ മകന്റെ കൊലപാതകിയെ നിർവികാരതയോടെ നോക്കി നിന്നു.
കൂത്താട്ടുകുളം സർക്കിൾ ഇൻസ്പെക്ടർ പി.ജെ.നോബിൾ, സബ് ഇൻസ്പെക്ടർമാരായ കെ.ആർ. സുനിൽകുമാർ, വി. രാജേഷ്, രാജേഷ് തങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ വിരളടയാള വിദഗ്ധരും പരിശോധന നടത്തി.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഭാര്യയുമായി വേർപിരിഞ്ഞു കഴിയുന്ന മഹേഷ് സമീപവാസികളായ സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിതിരുന്നതായി പറയുന്നു. സോണിയുടെ സംസ്കാരം ഇന്ന് 11ന് കാക്കൂർ സെന്റ് ജോസഫ് കത്തോലിക്കാ തീർത്ഥാടന പള്ളിയിൽ.