തൊണ്ട വരണ്ട് ജില്ല
1393946
Monday, February 19, 2024 4:05 AM IST
കൊച്ചി: വേനല്‍ച്ചൂട് കനത്തതോടെ ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. നഗര ഗ്രാമ വ്യത്യാസമില്ലാതെ കുടിവെള്ളത്തിനായി ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ് ജില്ല. കൊച്ചി നഗരത്തില്‍ രണ്ടാഴ്ചയോളമായി കുടിവെള്ളം ലഭിക്കാത്ത പ്രദേശങ്ങളുമുണ്ട്. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ദുരിതബാധിതര്‍ പരാതികളും പ്രതിഷേധങ്ങളും അറിയിച്ചിട്ടും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഫെബ്രുവരിയുടെ പകുതി മുതല്‍ കുടിവെള്ളം മുട്ടുന്നത് സമീപകാലത്തെ ആദ്യ അനുഭവമാണെന്ന് ദുരിതബാധിതര്‍ പറയുന്നു.
കുടിവെള്ളം മുടങ്ങിയതോടെ പ്രായമായവരും രോഗികളും, കൈക്കുഞ്ഞുങ്ങള്‍ ഉള്ള വീടുകളിലെയും ദൈനംദിന പ്രവര്‍ത്തനങ്ങളും അവതാളത്തിലായി. ശുദ്ധജല ലഭ്യതയില്‍ ഇക്കുറി കുറവ് വന്നതോടെ ടാങ്കര്‍ ലോറികളിലും വെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. അമൃത് പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ജലസംരണികള് കാലിയാണ്. വകുപ്പ് മന്ത്രിക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രിയോടും കാര്യങ്ങള്‍ വിശദീകരിച്ചിട്ടും കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികള്‍ ആരോപിച്ചു.
ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്ക് പുറമേ പശ്ചിമകൊച്ചി, കലൂര്‍, കടവന്ത്ര, പൊറ്റക്കുഴി, എളമക്കര, പോണേക്കര, തൃക്കാക്കര, കളമശേരി, ആലുവ, ചൂണ്ടി, ഇടപ്പള്ളി, വെണ്ണല, പച്ചാളം, ചിറ്റൂര്‍, വടുതല, ചേരാനെല്ലൂര്‍, ആലങ്ങാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍, ചൂര്‍ണിക്കര, കീഴ്മാട്, ഏലൂര്‍, എടത്തല തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ളത്.
കൊച്ചിയില്‍ കോര്‍പറേഷന്റെ കുടിവെള്ളം എത്തിയിട്ട് രണ്ടാഴ്ച പിന്നിടുന്ന സ്ഥലങ്ങളുമുണ്ട്. കാലങ്ങളായി തുടരുന്ന ഈ ദുരിതത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് പൊതുജനം നടത്തിയ നിരവധി പ്രതിഷേധങ്ങളുടെ ഫലമായി വന്ന കുടിവെള്ള പദ്ധതികളൊന്നും ഫലപ്രദമായില്ലെന്നാണ് ഈ വേനല്‍ക്കാലവും തെളിയിക്കുന്നത്.