അറവുശാല പൂട്ടാൻ നോട്ടീസ് നൽകി
1394173
Tuesday, February 20, 2024 6:40 AM IST
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിലെ ചിറയത്തുള്ള അറവുശാല നാട്ടുകാരുടെ പരാതിയെതുടർന്ന് അടപ്പിക്കാൻ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. ആലങ്ങാട് ചിറയം കോച്ചിരിക്ക ഭാഗത്തു സ്ഥിതി ചെയ്തിരുന്ന അറവുശാലയാണു പൂട്ടാൻ നോട്ടീസ് നൽകിയത്.
ആരോഗ്യവിഭാഗം അധികൃതരെത്തിയാണ് പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു നോട്ടീസ് നൽകിയത്. സ്ഥിരമായി മാലിന്യം സമീപത്തെ പറമ്പിൽ തള്ളുന്നതിനാൽ പ്രദേശത്തു തെരുവുനായ ശല്യം രൂക്ഷമായിരുന്നു. കഴിഞ്ഞദിവസം ഇതുവഴി സ്കൂളിൽ പോയ അഞ്ചാം ക്ലാസ് വിദ്യാർഥിയെ തെരുവുനായ കടിച്ചിരുന്നു. തുടർന്നു വിദ്യാർഥി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സതേടി.
ചിറയം- മേത്താനം ഭാഗത്ത് കഴിഞ്ഞ കുറച്ചു നാളുകളായി അറവുമാലിന്യവും തള്ളുന്നതായി പരാതി ഉണ്ടായിരുന്നു. തുടർന്നു നാട്ടുകാർ നിരീക്ഷണം നടത്തിയിരുന്നു.
തുടർന്നാണ് കോച്ചിരിക്ക ഭാഗത്തെ അറവുശാലയിൽ നിന്നുള്ള മാലിന്യം വലിച്ചെറിയുന്നതായി കണ്ടെത്തിയത്. ശരിയായ രീതിയിൽ അറവുമാലിന്യ സംസ്കരണം നടത്താതെയാണു പല അറവുശാലകളും പ്രവർത്തിക്കുന്നതെന്നും ഇത്തരം കടകൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും നാട്ടുകാർ പറഞ്ഞു.