മോട്ടോർ വാഹന വകുപ്പിന്റെ സ്ഥലം കൈയേറി അനധികൃത പന്തൽ നിർമാണവും മരം മുറിയും
1394176
Tuesday, February 20, 2024 6:40 AM IST
കാക്കനാട്: മോട്ടോർ വാഹന വകുപ്പിന്റെ സ്ഥലത്ത് അനുമതിയില്ലാതെ അനധികൃതമായി പന്തൽ നിർമിക്കാൻ മരങ്ങൾ മുറിച്ചു മാറ്റിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആർടിഒ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന മോട്ടോർ വാഹന വകുപ്പിന്റെ സ്ഥലത്താണ് അനുമതിയില്ലാതെ പന്തൽ നിർമാണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
എസ്എൻഡിപി 1587 തൃക്കാക്കര സൗത്ത് ശാഖയുടെ കീഴിലുള്ള കുടുംബ യൂണിറ്റിൽ പുതിയതായി പണി കഴിപ്പിച്ച ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവന്റെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങിനാണ് ഗ്രൗണ്ട് കൈയേറി പന്തൽ സ്ഥാപിക്കുകയും വലിയ മരച്ചില്ലകൾ ഉൾപ്പടെ വെട്ടിമാറ്റുകയും ചെയ്തതെന്നാണ് ആർടിഒ ജി. അനന്തകൃഷ്ണൻ കളക്ടർക്ക് റിപ്പോർട്ട് നൽകിയത്.
വെള്ളിയാഴ്ച പന്തൽ നിർമാണം ആരംഭിച്ച ഉടൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോൾ പന്തൽ നിർമാണം നടക്കുന്നത് ഉദ്യോഗാർഥികൾക്ക് അപകട സാധ്യത കണക്കിലെടുത്താണ് നടപടി. തുടർന്ന് ഡ്രൈവിംഗ് ട്രാക്കിന് പുറത്ത് പന്തൽ ഇടുകയായിരുന്നു. അനുമതിയില്ലാതെ ഡ്രൈവിംഗ് ഗ്രൗണ്ടിലെ മരങ്ങളുടെ ശിഖിരങ്ങൾ വെട്ടിമാറ്റിയതാണ് വിവാദത്തിന് കാരണം.