അധ്യാപക ദമ്പതികള്‍ക്കു "ഗ്രീൻ ഗൃഹപ്രവേശം'
1394182
Tuesday, February 20, 2024 6:41 AM IST
കൊച്ചി: അധ്യാപക ദമ്പതികളായ ഡോ. സേവ്യര്‍ വിനയരാജിന്റെയും ഡോ. എലിസബത്ത് ഫ്രാന്‍സിസിന്റെയും ഗൃഹപ്രവേശന ചടങ്ങ് അതിഥികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.
ചേർത്തലയിലെ ഗൃഹപ്രവേശ ചടങ്ങിനെത്തിയവര്‍ വീടിനോടു ചേർന്നുള്ള ഇവരുടെ 25 സെന്റില്‍ പ്ലാവും മാവും റമ്പൂട്ടാനുമെല്ലാം നട്ട് ഫലവൃക്ഷങ്ങളുടെ ഏദന്‍ തോട്ടം ഒരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു മടങ്ങിയത്.
ഫല വൃക്ഷത്തൈകളും നടീല്‍ ഉപകരണങ്ങളും കുഴികളുമെല്ലാം നേരത്തെ തയാറാക്കിയിരുന്നു. അതിലേക്കാണ് വൈദികരും കന്യാസ്ത്രീകളും അധ്യാപകരും ഉള്‍പ്പെട്ട ക്ഷണിക്കപ്പെട്ട അതിഥികള്‍ വൃക്ഷത്തൈകള്‍ നട്ടത്.
സാമൂഹ്യ പ്രവര്‍ത്തകനും സ്മാര്‍ട്ട് ഇന്ത്യാ ഫൗണ്ടേഷന്റെ സഹ സ്ഥാപകനുമാണ് ഡോ. സേവ്യര്‍ വിനയരാജ്. അധ്യാപികയും ഗവേഷകയുമായ ഭാര്യ ഡോ. എലിസബത്ത് ഫ്രാന്‍സിസ്, അമ്മ ലീനാ വിന്‍സെന്റ്, ഭാര്യാമാതാവ് ഡോ. പീസാമ്മ ഫ്രാന്‍സീസ്, മക്കളായ എല്‍വിന, എമീലിയ, സ്മാര്‍ട്ട് ഇന്ത്യാ ഫണ്ടേഷന്റെ സന്നദ്ധ കൂട്ടായ്മ എന്നിവരെല്ലാം തൈ നടലിനു പൂര്‍ണ പിന്തുണയേകി.
തലമുറകള്‍ക്ക് വേണ്ടതെല്ലാം പ്രകൃതി പകര്‍ന്ന് നല്കുമ്പോള് പ്രകൃതിക്കു വൃക്ഷങ്ങളിലൂടെ ഓക്സിജന്റെ ഒരു കുട നല്‍കാനുള്ള ബാധ്യത നമുക്കോരോരുത്തര്ക്കുമുണ്ടെന്ന ഡോ. സേവ്യര്‍ വിനയരാജിന്റെ കാഴ്ചപ്പാടിൽനിന്നാണ് ഗൃഹപ്രവേശദിനത്തിൽ മരങ്ങൾ നടാനുള്ള ആശയമുദിച്ചത്. ആശയം സ്മാര്‍ട്ട് ഇന്ത്യാ ഫൗണ്ടേഷന് ഏറ്റെടുക്കുമെന്നും കേരളത്തിലുടനീളം ഇതിന്റെ തുടര്‍ച്ചകള്‍ സൃഷ്ടിക്കാന്‍ പരിശ്രമിക്കുമെന്നും മാനേജിംഗ് ട്രസ്റ്റി ഡാലിന് ഡയസ് പറഞ്ഞു.