തൃപ്പൂണിത്തുറ സ്ഫോടനം: കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും- മന്ത്രി പി. രാജീവ്
1394183
Tuesday, February 20, 2024 6:41 AM IST
തൃപ്പൂണിത്തുറ: ചൂരക്കാട് പടക്കശേഖരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പി. രാജീവ്. സ്ഫോടനം നടന്ന സ്ഥലവും പരിസരവും നാശനഷ്ടം സംഭവിച്ച വീടുകളും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ഗൗരവമായ നിയമലംഘനമാണ് ഇത്തരമൊരു സംഭവത്തിലേക്ക് എത്തിച്ചത്. യാതൊരുവിധ അനുമതിയും ഇല്ലാതെ നിയമ വിരുദ്ധമായാണ് സംഭവത്തിന് ആധാരമായ വസ്തുക്കള്‍ സ്ഥലത്ത് എത്തിച്ചത്. നിയമപരമായ പരിശോധന സര്‍ക്കാര്‍ നടത്തുന്നുണ്ട്. അന്വേഷണം കൃത്യമായി മുന്നോട്ടു പോകുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും.
സംഭവവുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ലഭ്യമാകും. അതനുസരിച്ച് മുന്‍കാല സംഭവങ്ങളിലെ കീഴ്വഴക്കം നോക്കി നഷ്ടപരിഹാരത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ജനങ്ങള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പരിസരത്തെ ജനങ്ങള്‍ ആശങ്കാകുലരാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്. അന്വേഷണശേഷം ലഭ്യമാകുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.