പുലി കടിച്ച കർഷക ജീവിതങ്ങൾ
1394189
Tuesday, February 20, 2024 6:41 AM IST
വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേറ്റ്, അതുമൂലമുള്ള വേദനകളും ബുദ്ധിമുട്ടുകളുമായി ജീവിതം തള്ളിനീക്കുന്നത് മലയോര മേഖലകളിൽ എത്രയോ പേർ!. അതിലേറെയും കർഷകരും സാധാരണക്കാരുമാണ്.
ഭീതി വിട്ടൊഴിയാതെ അയ്യന്പുഴയിലെ ജോസ്
ടാപ്പിംഗ് തൊഴിലാളിയായ അയ്യന്പുഴ ചുള്ളിയിലെ പുതുവ ജോസിനെ പുലി ആക്രമിച്ചത് 2009 ഒക്ടോബർ 22നാണ്. വീടിനോടു ചേർന്നുള്ള പറന്പിൽ പുലർച്ചെ റബർ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കുന്പോഴാണ് അപ്രതീക്ഷിതമായി പുലി പാഞ്ഞടുത്തത്. ജോസിനെ കണ്ടതോടെ അല്പനേരം പുലി നിന്നു. വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിച്ച അദ്ദേഹത്തെ ലക്ഷ്യമാക്കി പുലി ചാടി. വലതു കൈയിലാണ് പ്രധാനമായും കടിയേറ്റത്. പേശികളും മറ്റു ഭാഗങ്ങളും പുലി കടിച്ചെടുത്തു. ആളുകളുടെ ഒച്ചകേട്ടു പുലി ഇരുട്ടിലേക്ക് ഓടിമറഞ്ഞു.

ഉച്ചത്തിലുള്ള നിലവിളി കേട്ട് അമ്മ ഓടിയെത്തുന്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന ജോസിനെയാണു കാണുന്നത്. അപ്പോഴേയ്ക്കും നാട്ടുകാരും ഓടിയെത്തി. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചു.
ചെലവായത് രണ്ടു ലക്ഷം,നഷ്ടപരിഹാരം കിട്ടിയത് 5000 !
ആഴ്ചകൾ നീണ്ട ആശുപത്രിവാസം, ചികിത്സ.. രണ്ടു ലക്ഷത്തിലധികം രൂപ ചെലവായി. ദീർഘനാൾ പണിയെടുക്കാനാവാതെ വിശ്രമവും വേണ്ടിവന്നു.
വനം വകുപ്പ് ആകെ നൽകിയത് 5000 രൂപയാണ്. ആശുപത്രി ബില്ലുകൾ ചേർത്ത് അപേക്ഷ നൽകുന്പോൾ ചെലവായ മുഴുവൻ തുകയും ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തിരുന്നു. അതെല്ലാം നിശ്ചിത സമയങ്ങളിൽ നൽകുകയും ചെയ്തു. തിരുവനന്തപുരത്തുൾപ്പെടെ വനംവകുപ്പിന്റെ വിവിധ ഓഫീസുകളിൽ കുടുംബാംഗങ്ങൾ പലവട്ടം കയറിയിറങ്ങി. ഇതുവരെ ഫലമുണ്ടായിട്ടില്ല.
ഇപ്പോഴും കൈകളുടെയും പേശികളുടെയും വേദന മാറിയിട്ടില്ലെന്നു ജോസ് പറയുന്നു.
ജീവൻ തിരിച്ചുകിട്ടിയതിൽ ഇന്നും ദൈവത്തിനു നന്ദി പറയുന്നു.. സർക്കാരിന്റെ ധനസഹായം തേടി ഒരുപാട് അലഞ്ഞു. ഇനി അതു പ്രതീക്ഷിക്കുന്നുമില്ല...!
ജോസിന്റെ വാക്കുകളിൽ സങ്കടവും നിരാശയും.
റബർ തോട്ടത്തിൽ ആന
അയ്യന്പുഴയിലെ ജോസിന്റേതിനു സമാനമായ ദുരന്തമാണ് കഴിഞ്ഞ ജനുവരി 11നു പൂയംകുട്ടിയിലെ ടാപ്പിംഗ് തൊഴിലാളിയായ ബെന്നിയ്ക്കും ഉണ്ടായത്. ഇവിടെ അക്രമകാരി കാട്ടാനയായിരുന്നു.

പുലർച്ചെ റബർ തോട്ടത്തിൽ ടാപ്പിംഗിനിടെയാണ് ബെന്നിയെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ കൈ ഒടിഞ്ഞു. മസിലുകൾക്കും ഞരന്പുകൾക്കും സാരമായ പരിക്കേറ്റു. ബെന്നിയുടെ സ്കൂട്ടർ ആന പൂർണമായും തകർത്തു.ചികിത്സയ്ക്കു ശേഷം വീട്ടിൽ വിശ്രമത്തിലാണ് ബെന്നി.
മഞ്ഞൾ തോട്ടത്തിൽ പുലി
കോതമംഗലം കോട്ടപ്പടി ചേറ്റൂർ മാത്യുവിന്റെ ഭാര്യ റോസിയുടെ കൈയിലും കഴുത്തിലും പുലി ആക്രമിച്ചതിന്റെ പാടുകൾ കാണാം. വീടിനടുത്ത് മഞ്ഞൾ കൃഷി നടത്തിയിരുന്നിടത്ത് പണിയെടുക്കുന്നതിനിടെയാണ് പുലി ചാടി വീണത്. കഴുത്തിൽ ആഞ്ഞടിച്ച പുലി റോസിയുടെ കൈകളിൽ ശക്തമായി കടിച്ചു. മാസങ്ങളോളം ചികിത്സയും വിശ്രമവുമായി കഴിഞ്ഞ റോസിക്ക് അടുത്ത നാളുകളിലാണ് വീണ്ടും ചെറിയ ജോലികളെടുത്തു തുടങ്ങാനായത്. വനംവകുപ്പ് നാമമാത്രമായ ചികിത്സാ സഹായം നൽകിയതൊഴിച്ചാൽ, വന്യജീവി ആക്രമണം നേരിട്ട റോസിക്കും മതിയായ നഷ്ടപരിഹാരം ഇപ്പോഴും കിട്ടാക്കനിയാണ്.
വാവച്ചന്റെ സങ്കടം
വനംവകുപ്പിൽ വാച്ചറായിരുന്നു കോതമംഗലം വാവേലി നെടുക്കോട്ടിൽ സന്തോഷ് ജേക്കബ് എന്ന വാവച്ചൻ. വാവേലി- വേട്ടാന്പാറ റോഡിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമത്തിനിടെ ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
രണ്ടു ശസ്ത്രക്രിയകൾ വേണ്ടിവന്നു. എട്ടു ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കു ചെലവായെങ്കിലും നഷ്ടപരിഹാരമായി വാവച്ചനു കിട്ടിയത് രണ്ടു ലക്ഷം മാത്രം.
(തുടരും)
സിജോ പൈനാടത്ത്