നെടുമ്പാശേരി ഉപതെരഞ്ഞെടുപ്പ് നാളെ
1394400
Wednesday, February 21, 2024 3:46 AM IST
നെടുമ്പാശേരി: യുഡിഎഫിന് ഭരണം നിലനിർത്തുന്നതിനും എൽഡിഎഫിന് ഭരണം തിരിച്ചു പിടിക്കുന്നതിനും നിർണായകമായ നെടുമ്പാശേരി പഞ്ചായത്ത് 14-ാം വാർഡ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ നടക്കും. ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്.
വാർഡിലെ 1094 വോട്ടർമാർക്കായി അത്താണി മാർ അത്തനേഷ്യസ് സ്കൂളിലും എൻഎസ്എസ് ഹാളിലുമാണ് പോളിംഗ് സ്റ്റേഷനുകൾ. 23ന് പഞ്ചായത്ത് ഓഫീസിൽ വോട്ടെണ്ണൽ നടക്കും. തെരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികൾക്കും നിർണായകമാണ്.
എൽഡിഎഫ് സ്ഥാനാർഥിയായി എൻ.എസ്. അർച്ചനയും യുഡിഎഫ് സ്ഥാനാർഥിയായി സ്വാതി ശിവനും എൻഡിഎ സ്ഥാനാർഥിയായി നീതു ജയേഷുമാണ് മത്സരിക്കുന്നത്. 19 അംഗ ഭരണസമിതിയിൽ നിലവിൽ യുഡിഎഫിനും എൽഡിഎഫിനും ഒമ്പത് വീതം അംഗങ്ങളാണുള്ളത്.
കോൺഗ്രസിലെ സന്ധ്യ നാരായണപിള്ള മുൻധാരണ പ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടിയിരുന്നപ്പോൾ അഭിപ്രായവ്യത്യാസത്തെ തുടർന്ന് പഞ്ചായത്ത് അംഗത്വവും ഒഴിഞ്ഞതാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. ഇതോടെ യുഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായി.
നിലവിൽ കോൺഗ്രസ് റിബലായി തെരഞ്ഞെടുക്കപ്പെട്ട പി.പി. കുഞ്ഞിന് പ്രസിഡന്റ് സ്ഥാനം നൽകിയാണ് യുഡിഎഫ് ഭരിക്കുന്നത്. രണ്ട് മാസം മുമ്പ് എൽഡിഎഫിലെ ഓമന ഭരതൻ നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡന്റായി.
വാർഡിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 87 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. സന്ധ്യ നാരായണപിള്ളക്ക് 421 വോട്ടും എൽഡിഎഫിലെ കുഞ്ഞുമോൾക്ക് 334 വോട്ടും എൻഡിഎയിലെ ബിന്ദുവിന് 167 വോട്ടുമാണ് ലഭിച്ചത്.