സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളാനെത്തിയ ലോറി കാമറയിൽ കുടുങ്ങി
1394401
Wednesday, February 21, 2024 3:46 AM IST
മരട്: കണ്ണാടിക്കാട് ഭാഗത്ത് ദേശീയപാതയ്ക്ക് സമീപം സെപ്റ്റിടാങ്ക് മാലിന്യം തള്ളാനെത്തിയവർ കാമറയിൽ കുടുങ്ങി. മട്ടാഞ്ചേരി സ്വദേശി സുൽഫിക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറിയാണ് അവിടെ സ്ഥാപിച്ചിരുന്ന കാമറയിൽപ്പെട്ടത്.
നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നൈറ്റ് സ്ക്വാഡിനെ പലതവണ വെട്ടിച്ചു കളഞ്ഞ ലോറിയാണ് കാമറയിൽ കുടുങ്ങിയതെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. കാമറയിൽ ലഭിച്ച ടാങ്കർ ലോറിയുടെ നമ്പർ ഉപയോഗിച്ച് ആർടി ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചാണ് വാഹനം പിടിച്ചെടുത്തത്. വാഹനത്തിന്റെ ഉടമസ്ഥന് 25,010 രൂപ പിഴ ചുമത്തി.
നഗരസഭ പുതുതായി വാങ്ങിയ ചലിക്കുന്ന കാമറ വിവിധ സ്ഥലങ്ങളിൽ മാറ്റി മാറ്റി സ്ഥാപിച്ചാണ് മാലിന്യം തള്ളുന്നവരെ പിടികൂടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കാമറകൾ സ്ഥാപിച്ച് ആരോഗ്യ വിഭാഗത്തിന്വ്റെ രാത്രികാല പരിശോധനകൾ ഊർജിതമാക്കുമെന്ന് ആരോഗ്യകാര്യ സമിതി ചെയർപേഴ്സൺ റിനി തോമസ്, സെക്രട്ടറി ഇ. നാസിം, ചെയർമാൻ ആന്റണി ആശാംപറമ്പിൽ എന്നിവർ അറിയിച്ചു.