ആലുവ - മാറമ്പിള്ളി റോഡ് ടാറിംഗ് വൈകുന്നു
1394404
Wednesday, February 21, 2024 3:46 AM IST
ആലുവ: താറുമാറായി കിടക്കുന്ന ആലുവ - പെരുമ്പാവൂർ കെഎസ്ആർടിസി റോഡിൽ ആലുവ മുതൽ മാറമ്പിള്ളി വരെയുള്ള റോഡിലൂടെയുള്ള യാത്ര ദുരിതമയം. ജൽ ജീവൻ മിഷൻ പദ്ധതിക്കായി കുഴികൾ എടുത്ത് മൂടിയിട്ടുള്ളതിനാൽ റോഡിന്റെ രണ്ടുവശങ്ങളിൽ മണ്ണ് ഇളകി പൊടി പാറുന്നതും ദുരിതം ഇരട്ടിയാക്കുകയാണ്.
റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചതോടെയാണ് റോഡ് അടിയന്തരമായി നന്നാക്കുമെന്ന് ഒന്നര വർഷം മുമ്പ് പൊതുമരാമത്ത് ഉറപ്പു നൽകിയത്. ആലുവ മുതൽ മാറമ്പിള്ളി വരെയുള്ള ഭാഗങ്ങളിൽ പലയിടങ്ങളിലും കുഴികൾ രൂപപ്പെട്ടു തുടങ്ങി. നേരത്തെ ഉണ്ടായിരുന്ന കുഴികൾ അടച്ച ഭാഗങ്ങളിൽ ടാറിംഗ് ഉയർന്നു നിൽക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇരുചക്ര വാഹനയാത്രക്കാരും അംഗപരിമിതരുമാണ് പ്രയാസപ്പെടുന്നത്.
ആലുവ മുതൽ കുട്ടമശേരി വരെയുള്ള ഭാഗങ്ങളിൽ പലപ്പോഴും ഗതാഗത തടസവും പതിവാണ്. റോഡിലെ കുഴികൾ പലയിടങ്ങളിലും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കുട്ടമശേരി സർക്കുലർ കവലയിലെ എസ്ബിടിക്ക് മുന്നിലെ കുഴികളും അപകടം സൃഷ്ടിക്കുന്നു.
ആലുവ - പെരുമ്പാവൂർ ദേശസാൽകൃത റോഡിലെ പെരുമ്പാവൂർ മുതൽ മാറമ്പിള്ളി വരെയുള്ള ഭാഗത്തെ ടാറിംഗ് പൂർത്തിയായിട്ട് ഏറെ നാളായി. എന്നാൽ മാറമ്പിള്ളി മുതൽ ആലുവ വരെയുള്ള ഭാഗത്തെ ടാറിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ചാലക്കൽ പകലമറ്റം മുതൽ തോട്ടുംമുഖം വരെ പൈപ്പിടൽ ജോലികൾ നടക്കുന്നതിനാലാണ് ടാറിംഗ് ജോലികൾ വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്.