ഹോട്ടലുകളിലും കടകളിലും ‘ഹെൽത്തി കേരള’ പരിശോധന
1394405
Wednesday, February 21, 2024 3:46 AM IST
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റയും നേതൃത്വത്തിൽ ആലങ്ങാടിന്റെ വിവിധ പ്രദേശങ്ങളിൽ ഹോട്ടലുകളിലും കടകളിലും പരിശോധന നടത്തി. കോട്ടപ്പുറം മുതൽ മാളികംപീടിക വരെയുള്ള സ്ഥലങ്ങളിലെ ഹോട്ടലുകൾ, കൂൾ ബാറുകൾ, ബേക്കറി, ഐസ്ക്രീം നിർമാണ യൂണിറ്റ്, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ‘ഹെൽത്തി കേരള’ പരിപാടിയുടെ ഭാഗമായി പരിശോധന നടത്തിയത്.
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത സ്ഥാപനങ്ങൾ, ലൈസൻസ് ഇല്ലാത്തവ, പൊതു കാനയിലേക്കു മലിനജലം ഒഴുക്കിയ സ്ഥാപനങ്ങൾ എന്നിവയ്ക്കു നോട്ടീസ് നൽകുകയും 70,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗിരീഷ്, കാവ്യ കാർത്തികേയൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജെസി, അജയകുമാർ, കെ.എൽ. ലിഡിയ, അബിൻ നസീർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.