മരട് വെടിക്കെട്ട്: ഹൈക്കോടതി അനുമതി തടഞ്ഞു
1394413
Wednesday, February 21, 2024 4:05 AM IST
കൊച്ചി: മരട് കൊട്ടാരം ഭഗവതീക്ഷേത്രത്തിലെ വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നിഷേധിച്ചു. വെടിക്കെട്ട് അനുവദിക്കാതിരുന്ന ജില്ലാ കളക്ടറുടെ നടപടി ചോദ്യം ചെയ്ത് തെക്ക്, വടക്ക് ചേരുവാരങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് വിജു ഏബ്രഹാമിന്റെ ഇടക്കാല ഉത്തരവ്.
കഴിഞ്ഞ 12ന് തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിനോടനുബന്ധിച്ച് രണ്ട് പേരുടെ മരണത്തിനിടയാക്കിയ വെടിമരുന്ന് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് കളക്ടര്‍ മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.
ഇത് സംബന്ധിച്ച റവന്യൂ, പോലീസ്, അഗ്നിരക്ഷാ സേന അധികൃതരുടെ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്ത സിംഗിള്‍ ബെഞ്ച് വിവിധ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കളക്ടറുടെ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.
വെടിക്കെട്ട് നടത്താന്‍ നിശ്ചയിച്ച സ്ഥലത്തിന് സമീപം വീടുകളും റോഡുകളും കടകളും അപ്പാര്‍ട്ട്മെന്റുകളും സ്കൂളുമുണ്ട്. 180 മീറ്റര്‍ അകലെ ആശുപത്രിയുമുണ്ട്. അതിനാല്‍ വെടിക്കെട്ട് സമയത്ത് ദൂരപരിധി നിര്‍ദേശം പാലിക്കാനാകില്ലെന്ന് തഹസില്‍ദാരടക്കമുള്ള ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.
കാണികള്‍ക്ക് പ്രത്യേക മേഖല ഒഴിച്ചിടാനാകില്ല. അതിനാല്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കല്‍ അസാധ്യമാകും. അപകടമുണ്ടായാല്‍ വന്‍ ദുരന്തത്തിനിടയാക്കുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. 2008ല്‍ മരടില്‍ ഉണ്ടായ വെടിക്കെട്ടപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്.
2019ല്‍ വെടിക്കെട്ടിന് വേണ്ടി ഡൈനമിറ്റും മറ്റും അനധികൃതമായി സംഭരിച്ചവര്ക്കെതിരേ കേസെടുക്കുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ട്, ഒമ്പത് തിയതികളില്‍ ക്ഷേത്രത്തില്‍ ലൈസന്‍സില്ലാതെ കരിമരുന്ന് ഉപയോഗിച്ചതിന് മരട് സ്റ്റേഷനില്‍ കേസെടുത്തിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.
2019ല്‍ മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ച കളക്ടറുടെ നടപടി ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കിയിട്ടുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ഈ വിധി പരിഗണിച്ച് വെടിക്കെട്ടിന് അനുമതി നല്കാന് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. സിംഗിള്‍ ബെഞ്ച് ആവശ്യം അനുവദിക്കാത്തതിനെതിരെ ഹര്‍ജിക്കാര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കും.