സര്‍വകക്ഷിയോഗത്തില്‍ അനുനയം; മഹാരാജാസില്‍ ക്ലാസുകള്‍ ഇന്ന് മുതല്‍
1394674
Thursday, February 22, 2024 3:59 AM IST
കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ അടച്ചിട്ട മഹാരാജാസില്‍ റെഗുലര്‍ ക്ലാസുകള്‍ ഇന്ന് പുനരാരംഭിക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ കോളജ് അടച്ചത്. ഇന്നലെ ഓണ്ലൈനിലായായിരുന്നു ക്ലാസ്. ഇന്ന് മുതല്‍ സാധാരണ നിലയില്‍ കോളജ് പ്രവര്‍ത്തിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഇന്നലെ രാവിലെ കോളജില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ അനുനയത്തിന് തയാറായതോടെയാണ് കോളജിന്റെ അന്തരീക്ഷം സാധാരണ നിലയിലേക്ക് എത്തിക്കാനായത്. പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന അധ്യാപകരുടെയും പോലീസിന്റെയും ആവശ്യത്തെ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ അനുകൂലിച്ചു. എസ്എഫ്ഐ, കെഎസ്യു, എംഎസ്എഫ്, ഫ്രെട്ടേണിറ്റി സംഘടനാ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.
ഒന്നാം വര്‍ഷ ബിഎസി കെമിസ്ട്രി വിദ്യാര്‍ഥി സനാന് റഹ്മാനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച കോളജില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായത്. മര്‍ദിച്ച എസ്എഫ്ഐക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു, ഫ്രെട്ടേണിറ്റി പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ പ്രതിഷേധം നടത്തി.
ഇതിനിടെ മറ്റൊരു സംഭവത്തില്‍ ഫ്രട്ടേണിറ്റി പ്രവര്ത്തകന് ബാസിലിനെ കാമ്പസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ക്ലാസ് മുറിക്ക് മുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും ഭീഷണി മുഴക്കി. പ്രതിഷേധങ്ങള്‍ അതിരുകടന്നേക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് അനിശ്ചിത കാലത്തേക്ക് കോളജ് അടക്കാന്‍ പ്രിന്‍സിപ്പല്‍ തീരുമാനിച്ചത്.