നവകേരള സദസിൽ അബ്ദുൾ ഖാദറിന്റെ പരാതി 300 കുടുംബങ്ങൾക്ക് ആശ്വാസം
1394677
Thursday, February 22, 2024 4:10 AM IST
ഏലൂർ: നവകേരള സദസിൽ ഏലൂർ കുറ്റിക്കാട്ടുകയിലെ വെള്ളർകോടത്ത് അബ്ദുൾ ഖാദറിന്റെ പരാതി പരിഹാരത്തിന് പരിഗണിക്കുമ്പോൾ ആശ്വാസമാകുന്നത് ഇടമുള 13-ാം വാർഡിലെ 300ഓളം കുടുംബങ്ങൾക്ക്. 13-ാം വാർഡ് പ്രദേശത്ത് പെരിയാറിന്റെ തീരം മതിൽ കെട്ടി സംരക്ഷിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ഒരു ദിവസം തുടർച്ചയായി മഴ പെയ്താൽ താഴ്ന്ന പ്രദേശത്തുള്ള മുന്നൂറോളം വീടുകൾ വെള്ളത്തിലാകും. പുഴയോട് ചേർന്ന് കിടക്കുന്ന താഴ്ന്ന പ്രദേശമായതിനാൽ എല്ലാ വർഷവും മഴക്കാലത്ത് ആദ്യം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നത് ഇവിടെ താമസിക്കുന്നവരാണ്. വാർഡ് കൗൺസിലർ കെ.എം. ഇസ്മയിൽ മുമ്പ് ഇറിഗേഷൻ വിഭാഗത്തിന് പരാതി നൽകിയതിൽ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. സംരക്ഷണഭിത്തി യാഥാർഥ്യമാകാത്തതിനാലാണ് അബ്ദുൾ ഖാദർ പരാതിയുമായി നവകേരള സദസിലെത്തിയത്.
പരാതിയിൽ സർക്കാർ കണ്ണുതുറന്നിരിക്കുകയാണ്. 47 ലക്ഷം രൂപയ്ക്കുള്ള എസ്റ്റിമേറ്റിന് സാമ്പത്തികാനുമതി ലഭിക്കുന്നതിനായി സർക്കാരിലേക്ക് അയച്ചിട്ടുണ്ടെന്ന് ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ അറിയിപ്പ് അബ്ദുൾ ഖാദറിന് ലഭിച്ചു. എസ്റ്റിമേറ്റിന് അനുമതി ലഭിക്കുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന ആശ്വാസത്തിലാണ് നാട്ടുകാർ.