ബാഗ് റെയിൽവേ സ്റ്റേഷനിൽ കാണാതായി; മൂന്ന് മണിക്കൂർ തെരച്ചിലിൽ കണ്ടെടുത്തു
1394680
Thursday, February 22, 2024 4:10 AM IST
ആലുവ: സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങാനായി ഗൾഫിൽനിന്ന് എത്തിയ യുവാവിന്റെ സ്വർണവും പാസ്പോർട്ടും അടങ്ങുന്ന ബാഗ് ആലുവ റെയിൽവേ സ്റ്റേഷനിൽ കാണാതായി. പതിനഞ്ചംഗ സംഘം മൂന്ന് മണിക്കൂറോളം നടത്തിയ പരിശോധനയിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ഒഴിഞ്ഞ സ്ഥലത്തുനിന്ന് ബാഗ് കണ്ടെത്തി.
കൊച്ചി വിമാനത്താവളത്തിലെത്തി ട്രെയിനിൽ വീട്ടിലേക്ക് യാത്ര ചെയ്യാനെത്തിയ കാസർഗോട് കാഞ്ഞങ്ങാട് മദീന മൻസിലിൽ ഫൈസൽ അബ്ദുള്ള (42) യുടെ ബാഗാണ് കാണാതായത്. നാളെ നടക്കുന്ന സഹോദരി ഖദീജയുടെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ട് ദിവസത്തെ അവധിയിലാണ് ഫൈസൽ സൗദി അറേബ്യ വിമാനത്തിൽ എത്തിയത്.
കണ്ണൂർ ഇന്റർസിറ്റിയിൽ പോകാനാണ് അഞ്ചരയോടെ ടാക്സിയിൽ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയത്. പോർട്ടറുടെ സഹായത്തോടെ ലഗേജ് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിച്ചു. സ്വർണവും പാസ്പോർട്ടും പണവും അടങ്ങിയ ഹാൻഡ് ബാഗ് പ്ലാറ്റ്ഫോമിൽ ചായ കുടിക്കാൻ നേരത്താണ് കൈയിലില്ലെന്ന് അറിയുന്നത്.
റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന എല്ലാവരും ചേർന്ന് ആദ്യം തെരച്ചിൽ നടത്തിയെങ്കിലും ബാഗ് കണ്ടെത്താനായില്ല. ഇതോടെ ട്രെയിനിൽ കയറാനും സാധിച്ചില്ല. പുലർച്ചെ അഞ്ചര മുതൽ എട്ടര വരെ നടത്തിയ തെരച്ചിലിൽ റെയിൽവേ ജീവനക്കാരൻ മാമ്പ്ര സ്വദേശി അനീഷാണ് മൂന്നാം നമ്പർ പ്ലാറ്റ് ഫോമിൽനിന്നും ബാഗ് കണ്ടെടുത്തത്.
ഫൈസലിനൊപ്പം റെയിൽവേ ജീവനക്കാർ, പോർട്ടർമാർ, ടാക്സി ഡ്രൈവർമാർ, ആർപിഎഫ് എന്നിവരും ഉണ്ടായിരുന്നു. ആർപിഎഫിലെ എഎസ്ഐ പി. തോമസ് ഡാൽവിയിൽനിന്നും ഫൈസൽ ബാഗ് ഏറ്റുവാങ്ങി.