കൊച്ചി: ആലുവ-പെരുമ്പാവൂര്‍ ദേശസാല്‍കൃത റോഡിലെ കുഴികള്‍ എത്രയും പെട്ടെന്ന് അടയ്ക്കണമെന്ന് ഹൈക്കോടതി. ചാലക്കല്‍ പകലോമറ്റം മുതല്‍ തോട്ടുമുഖം ജംഗ്ഷന് വരെയുള്ള 4.6 കി.മീറ്റര്‍ ദൂരം റോഡില്‍ നിറയെ കുഴികളാണെന്ന് കാണിച്ച് കുട്ടമശേരി ജനകീയറോഡ് സുരക്ഷാ സമിതിക്ക് വേണ്ടി സമിതി ചെയര്‍പേഴ്സണ്‍ മരിയ അബു നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
21ന് കേസ് വീണ്ടും പരിഗണിക്കും. കുട്ടമശേരിയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള ജനകീയ റോഡ് സുരക്ഷാ സമിതി ആലുവ പെരുമ്പാവൂര്‍ റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെ ജനകീയ ജാഥ, ഏകദിന ഉപവാസം, ജനകീയ സമരങ്ങൾ എന്നിവ ഇതിനോടകം നടത്തിക്കഴിഞ്ഞു. എന്നിട്ടും യാതൊരു പരിഹാരം കാണാതായതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.