അങ്കമാലി നഗരത്തിലെ ഗതാഗതക്കുരുക്ക് : പരിഹാര നടപടികളുമായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി
1451935
Monday, September 9, 2024 7:47 AM IST
അങ്കമാലി: ഓണത്തോടനുബന്ധിച്ച് അങ്കമാലി പട്ടണത്തില്‍ രൂപപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു.
ജനപ്രതിനിധികള്‍, വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍, കച്ചവട സ്ഥാപനങ്ങളുടെയും വിവിധ തൊഴിലാളി യൂണിയനുകളുടെയും പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പട്ടണത്തില്‍ മൂന്ന് സൗജന്യ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ സജ്ജമാക്കുമെന്ന് പ്രസിഡന്റ് ജോണി കുര്യാക്കോസ് അറിയിച്ചു. ഗതാഗത നിയന്ത്രണത്തിനായി കൂടുതല്‍ ട്രാഫിക്ക് വാര്ഡന്മാരെ നിയമിക്കും. ക്യാമ്പ് ഷെഡ് റോഡില്‍ ഒരു വശത്ത് പാര്‍ക്കിംഗ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കും.
സ്വകാര്യബസുകള്‍ പട്ടണത്തില്‍ അനുവദനീയമായ സ്റ്റോപ്പുകളില്‍ മാത്രം നിറുത്തുന്നുണ്ടെന്നും അധിക സമയം തങ്ങാതെ വിട്ടുപോകുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഓട്ടോറിക്ഷ സ്റ്റാൻഡുകളില്‍ നിശ്ചിത എണ്ണം വണ്ടികളില്‍ കൂടുതല്‍ കിടക്കാന്‍ അനുവദിക്കില്ല. ടൗണില്‍ സ്ഥാപിച്ചിട്ടുള്ള റിവോള്‍വിംഗ് കാമറ മാറ്റുന്നത് പരിഗണിക്കും. അനധികൃത വഴിയോര കച്ചവടം കര്‍ശനമായി നിരോധിക്കും. കച്ചവടക്കാര്‍ നടപ്പാത കൈയേറിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
പഴയ മാര്‍ക്കറ്റ് റോഡില്‍ നിലവിലുള്ള വണ്‍വേ സംവിധാനം പൂര്‍ണമായും ഉറപ്പാക്കും.
ടിബി ജംഗഷനില്‍ ആവശ്യമായ ഗതാഗത പരിഷ്കാരം നടപ്പാക്കും. അടയാള ബോര്‍ഡുകള്‍ കൂടുതല്‍ സ്ഥാപിക്കും. ബസുകളുടെ സമയപ്പട്ടിക അനുയോജ്യമായ വിധത്തില്‍ പുനഃക്രമീകരിക്കും. എല്ലാ ബസുകളും സ്റ്റാൻഡില്‍ പ്രവേശിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
എല്‍എഫ് ആശുപത്രിയുടെ നിലവിലെ പുറത്തേക്കുള്ള കവാടം മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും.
കാല്‍നടയാത്രക്കാര്‍ക്ക് അപകടരഹിതമായ രീതിയില്‍ യാത്രചെയ്യുന്നതിന് വേണ്ട ബോധവത്ക്കരണ പരിപാടികള്‍ നടപ്പാക്കും. തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനായി സബ് കമ്മിറ്റി രൂപീകരിക്കും.
റോജി എം.ജോണ്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് മാത്യു തോമസ് അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ സിനി മനോജ്, സ്ഥിരംസമിതി അധ്യക്ഷരായ ടി.വൈ. ഏല്യാസ്, ജിത ഷിജോയ്, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എ.വി. രഘു, കൗണ്‍സിലര്‍ പോള്‍ ജോവര്‍, നഗരസഭ സെക്രട്ടറി ജെയിന് വര്‍ഗീസ് പാത്താടന്‍, ട്രാഫിക് മേഖല വിദഗ്ദന് ഉപേന്ദ്രനാഥ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.