ഡ്യൂട്ടി ഡോക്ടറെ ഭീഷണിപ്പെടുത്തൽ: പോലീസ് നടപടി എടുക്കാത്തതില്‍ പ്രതിഷേധം
1452661
Thursday, September 12, 2024 3:36 AM IST
കൊച്ചി: ഇടപ്പള്ളി ഫാമിലി ഹെല്‍ത്ത് സെന്ററിലെ ഡ്യൂട്ടി ഡോക്ടറെയും ഹെഡ് നഴ്സിനെയും അക്രമിക്കുമെന്നും, തെരുവില്‍ നേരിടുമെന്നും ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള സർക്കാർ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ ഇടപ്പള്ളി ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പ്രതിഷേധ സമരം നടത്തി.
ആശുപത്രി സംരക്ഷണ നിയമം അനുസരിച്ച് പ്രതിക്കെതിരെ നടപടിയെടുക്കണമെന്നും ഭയരഹിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കിത്തരണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രതിഷേധ സമരം കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ഒമ്പതിനായിരുന്നു സംഭവം. രാവിലെ 11ഓടെ ഡ്രസിംഗിനായി എത്തിയ ഷാജുവിനോട് ഡ്യൂട്ടി ഡോക്ടര്‍ ക്യൂപാലിക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനാകുകയായിരുന്നു. ഡ്രസിംഗ് കഴിഞ്ഞ് ആശുപത്രി വിട്ട ഷാജു ഉച്ചയ്ക്ക് രണ്ടിന് വീണ്ടും എത്തിയാണ് ഡോക്ടറെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ ഷാജുവിനെതിരെ എളമക്കര പോലീസില്‍ ഡ്യൂട്ടി ഡോക്ടറും, ഹെഡ് നഴ്സും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് 10ന് വീണ്ടും ആശുപത്രിയിലെത്തി പ്രശ്നം സൃഷ്ടിക്കുകയായിരുന്നു.
താന്‍ പരോളില്‍ കഴിയുന്ന ആളാണെന്നും ആശുപത്രിക്ക് പുറത്തിറങ്ങിയാല്‍ കൈകാര്യം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയെന്നും ഇയാള്‍ പറഞ്ഞതായി കെജിഎംഒഎ ഭാരവാഹികള്‍ പറഞ്ഞു. പ്രതിഷേധ സമരത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ ഡോ. നിഖിലേഷ് മേനോന്, കെജിഎംഒഎ താലൂക്ക് കണ്‍വീനര്‍ ഡോ. കെ. സുധീഷ്, ജോയിന്റ് സെക്രട്ടറി ഡോ. എന്‍.എസ്. കിഷോര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ. സവിത തുടങ്ങിയവര്‍ പങ്കെടുത്തു.