സർവത്ര കുഴികൾ... തോപ്പുംപടി ഹാര്‍ബര്‍ പാലത്തിലൂടെ വാഹനയാത്ര ദുർഘടം
1458198
Wednesday, October 2, 2024 3:37 AM IST
കൊച്ചി: കൊച്ചിയുടെ പൈതൃക സ്മാരകങ്ങളിലൊന്നായ തോപ്പുംപടി ഹാര്‍ബര്‍ പാലം നാട്ടുകാര്‍ക്ക് സമ്മാനിക്കുന്നത് ദുരിതയാത്ര. കുണ്ടും കുഴിയുമായി കിടക്കുന്ന പാലത്തിലൂടെയുള്ള യാത്ര ജനത്തിന്റെ നടുവൊടിക്കും.
പിഡബ്ല്യുഡി ഏറ്റെടുത്ത ശേഷം ലക്ഷങ്ങള്‍ മുടക്കി നവീകരിച്ചെങ്കിലും വൈകാതെ വീണ്ടും പഴയപടിയായി. ടാറിംഗിലെ ഗുണനിലവാരമില്ലായ്മയാണ് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. നിരന്തരം പരാതി പറഞ്ഞിട്ടും നിവേദനം നല്‍കിയിട്ടും ഫലമുണ്ടാകാത്തതിനാല്‍ നിരാഹാരം ഉള്‍പ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങുകയാണ് പ്രദേശവാസികള്‍.
രണ്ടര വര്‍ഷം മുന്‍പാണ് 84.74 ലക്ഷം രൂപ ചെലവിട്ട് പാലം നവീകരിച്ചത്. കുഴികള്‍ അടച്ച് റീടാർ ചെയ്തതിനൊപ്പം ബലക്ഷയം വന്ന കൈവരികള്‍ മാറ്റി സ്ഥാപിച്ചു. ഒപ്പം ഇരു കരകളിലും ടൈലുകള്‍ പാകി മനോഹരമാക്കി. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ ടാര്‍ ഇളകി ചെറിയകുഴികള്‍ രൂപപ്പെട്ട് തുടങ്ങി.
കാലക്രമേണ കുഴികളുടെ ആഴവും എണ്ണവും കൂടി വന്നു. ഇപ്പോള്‍ പാലത്തിന്റെ ഒരു കര മുതല്‍ മറുകര വരെ എണ്ണിയാല്‍ ഒടുങ്ങാത്ത കുഴികളാണ്. അവയിലേറെയും അപകടങ്ങള്‍ക്ക് വരെ ഇടയാക്കിയേക്കാവുന്നത്ര ആഴവും വലുതുമായവ.
80 വര്‍ഷം പഴക്കം പാലത്തെ ബലക്ഷയമാക്കിയിട്ടുള്ളതിനാല് ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്യാനാകില്ലെന്നാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ വിശദീകരണം. ഭാരമേറിയ ആധുനിക ഉപകരണങ്ങള്‍ പാലത്തില്‍ കയറ്റാനാവില്ല. അതുകൊണ്ട് സാധാരണ ടാറിംഗ് നടത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഇത്തരം ടാറിംഗിന് അധിക ആയുസ് ഉണ്ടാകുകയില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
നഗരത്തിലേക്കും പശ്ചിമകൊച്ചിയിലേക്കും ബൈക്കുകളും കാറുകളും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ചെറു വാഹനങ്ങളാണ് സമയലാഭം നോക്കി ദിവസേന ഇതുവഴി കടന്നുപോകുന്നത്. എന്നാല്‍ കുണ്ടും കുഴിയുമായി കിടക്കുന്നതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്കില്‍ പെട്ടാണ് ഇപ്പോള്‍ വാഹനങ്ങള്‍ മറുകരയിലെത്തുന്നത്.
പാലത്തിലെ തിരക്ക് കുറച്ച് ഗതാഗതം സുഗമമാക്കാന്‍ എത്രയും വേഗം റീ ടാർ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കൊച്ചിയുടെ പൈതൃക സ്മാരകം
കൊച്ചി തുറമുഖ നഗരിയെയും കൊച്ചി പൈതൃകനഗരിയെയും ബന്ധിപ്പിക്കുന്ന പുരാതന പാലമാണ് ഹാര്‍ബര്‍ പാലം. തുറമുഖ ശില്പി സര് റോബര്‍ട്ട് ബ്രിസ്റ്റോ പാശ്ചാത്യ വൈദഗ്ധ്യ സാങ്കേതിക വിദ്യയിലൂടെ 1940 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി 1943 ഏപ്രില്‍ 13 ന് കമ്മീഷന് ചെയ്ത പാലം 55 വര്‍ഷകാലം ദേശീയപാതയുടെ ഭാഗമായിരുന്നു.
ചരക്ക് കപ്പല്‍ നീക്കത്തിന് തടസമുണ്ടാകുമെന്നായതോടെ പാലത്തിന് മധ്യഭാഗത്ത് ഇരുമ്പ് ദണ്ഡുകളില്‍ പലകകള്‍ കൊണ്ട് ലിഫ്റ്റ് സൃഷ്ടിച്ച് കപ്പല്‍ കടന്നുപോകാന്‍ സൗകര്യമൊരുക്കി. 1968 വരെ ചെറു കപ്പല്‍യാത്രകള്‍ക്കായി ഈ ലിഫ്റ്റ് പ്രവര്‍ത്തിച്ചിരുന്നു.
ഒരു കിലോമീറ്റര്‍ നീളമുള്ള പാലം 16 സ്പാനുകളുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പാലത്തിന്റെ മുകള്‍ തട്ടുകള്‍ സ്പാനുകളില്‍ സ്ഥാപിച്ചിരിക്കുന്നത് സ്പ്രിംഗ് സംവിധാനത്തിലാണ്. ഇന്ത്യയിലാദ്യമായി ഈ സാങ്കേതികവിദ്യ പ്രയോഗിച്ചത് ഹാര്‍ബര്‍ പാലത്തിലാണ്. ഇതിലൂടെ 75 ടണ്‍ ഭാരമുള്ള വാഹനങ്ങള്‍ സഞ്ചരിച്ചാലും പാലത്തിന് ബലക്ഷയമുണ്ടാകില്ലെന്നായിരുന്നു നിര്‍മാതാക്കള്‍ ആവകാശപ്പെട്ടിരുന്നത്.
1988 ല്‍ പാലത്തിന് ബലക്ഷയമെന്ന തുറമുഖ അധികൃതരുടെ പ്രഖ്യാപനത്തോടെ പുതിയ പാലത്തിനുള്ള ആവശ്യമുയര്‍ന്നു. 1998 ല്‍ സംസ്ഥാനത്തെ ആദ്യ ബിഒടി പാലം തുറന്നതോടെ ഹാര്‍ബര്‍പാലം അടച്ചു. കൊച്ചി തുറമുഖ ട്രസ്റ്റിന് കീഴിലുള്ള ഹാര്‍ബര്‍പാലം 2008ല്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറി.
തുടര്‍ന്ന് ജനകീയപ്രക്ഷോഭ ഫലമായി 2015ല്‍ മേല്‍ത്തട്ട് റോഡ് നവീകരിച്ച് ഇരുചക്രവാഹനങ്ങള്‍ക്കായി പാലം തുറന്നു നല്കി. പീന്നീട് ഏതാനം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വലിയ ചെലവില്‍ പാലം നവീകരിച്ചത്. അതാണിപ്പോള്‍ യാത്രക്കാര്‍ പ്രയോജനമില്ലാത്ത നിലയില്‍ തകര്‍ന്ന് കിടക്കുന്നത്.