മാലിന്യമുക്ത നവകേരളം : മൂവാറ്റുപുഴയിൽ സ്നേഹാരാമത്തിന് തുടക്കമിട്ടു
1458568
Thursday, October 3, 2024 3:20 AM IST
മൂവാറ്റുപുഴ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയിൽ സ്നേഹാരാമത്തിന് തുടക്കം കുറിച്ചു. നഗരത്തെ മാലിന്യമുക്തമാക്കുന്നതിനും സൗന്ദര്യവത്കരണത്തിനുമായാണ് പൊതുജന പങ്കാളിത്തത്തോടെ സ്നേഹാരമം പദ്ധതിക്ക് രൂപം നൽകിയതെന്ന് നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് പറഞ്ഞു.
നഗരത്തിൽ മാലിന്യം വലിച്ചെറിയുന്ന ഇടങ്ങൾ വൃത്തിയാക്കി പൂച്ചെടികൾ വച്ചുപിടിപ്പിച്ച് പരിപാലിക്കുന്നതാണ് പദ്ധതി. ഇതിനു പുറമേ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കച്ചേരിത്താഴം, ലത, കടാതി പാലങ്ങളുടെ കൈവരികളിൽ പ്രത്യേകമായി ഘടിപ്പിക്കുന്ന പൂച്ചട്ടികളിൽ ചെടികൾ നട്ടുവളർത്തും. നഗരസഭ ശുചീകരണ തൊഴിലാളികൾ തുടർപരിചരണം നടത്തും. ഇതിനായി മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്ന് ഒന്‍പത് ഇനങ്ങളിലുള്ള പൂച്ചെടികൾ നഗരസഭ വില നൽകി വാങ്ങിയിട്ടുണ്ട്. വിവിധ വ്യക്തികളും സ്ഥാപനങ്ങളും സ്പോണ്‍സർഷിപ്പ് വഴി പൂച്ചെടികൾ ലഭ്യമാക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
നെഹ്റു പാർക്ക് പരിസരത്ത് പൂച്ചെടികൾ നട്ട് നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപഴ്സണ്‍ സിനി ബിജു, പി.എം. അബ്ദുൾ സലാം, അജി മുണ്ടാട്ട്, നിസ അഷ്റഫ്, ജോസ് കുര്യാക്കോസ്, മീര കൃഷ്ണൻ, എ. നൗഷാദ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.