അങ്കമാലി -കുണ്ടന്നൂർ ബൈപാസ് : സ്ഥലമേറ്റെടുപ്പിലും നഷ്ടപരിഹാരത്തിലും അടിമുടി അവ്യക്തത!
1460373
Friday, October 11, 2024 3:22 AM IST
കൊച്ചി: മധ്യകേരളത്തിൽ ദേശീയപാത വഴിയുള്ള യാത്ര വേഗത്തിലും സുഗമവുമാക്കാൻ വഴിതുറക്കുമെന്നു കരുതപ്പെടുന്ന നിർദിഷ്ട അങ്കമാലി-കുണ്ടന്നൂർ ബൈപാസ് (ഗ്ലീൻഫീൽഡ് ഹൈവേ), സ്ഥലമേറ്റെടുക്കൽ ഘട്ടത്തിലേക്കു കടക്കുന്പോൾ, പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആശങ്കകൾ ബാക്കി.
സ്ഥലമേറ്റെടുപ്പിന്റെ രീതികൾ, വിട്ടുകൊടുക്കേണ്ടിവരുന്ന ഭൂമിയുടെ അളവ്, ഏറ്റെടുക്കുന്ന ഭൂമിക്കു നഷ്ടപരിഹാരം കൃത്യമായി കിട്ടുമോ, അതിനു കാലതാമസമുണ്ടാകുമോ, മറ്റു പല വികസന പദ്ധതികളിലും ഉണ്ടായതുപോലെ കുടിയിറക്കപ്പെട്ടശേഷം നഷ്ടപരിഹാരത്തിനായി കോടതികൾ കയറിയിറങ്ങേണ്ടിവരുമോ....!! ഈ ചോദ്യങ്ങളെല്ലാം പ്രദേശവാസികളിൽ ആശങ്ക ഉയർത്തുന്നു.
എറണാകുളം ജില്ലയിൽ 18 വില്ലേജുകളിലൂടെ നിർദിഷ്ട പാത കടന്നുപോകേണ്ടതുണ്ട്. ആലുവ, കണയന്നൂർ, കുന്നത്തുനാട് താലൂക്കുകളിൽ ഉൾപ്പെട്ട 290.058 ഹെക്ടർ ഭൂമിയാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ആറു വരിയിൽ ഏകദേശം 47 കിലോമീറ്ററാകും പാതയുടെ നീളം. 15 പാലങ്ങൾ നിർമിക്കേണ്ടിവരും.
പാതയ്ക്ക് ആകെ ചെലവു പ്രതീക്ഷിക്കുന്നത് 4650 കോടി രൂപ. സ്ഥലമേറ്റെടുപ്പിനായുള്ള നടപടികൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞു. 40 സർവേയർമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വിവിധ പ്രദേശങ്ങളിൽ സ്ഥലം വിട്ടു നൽകേണ്ടിവരുന്നവരെ ഒരുമിച്ചുകൂട്ടി ഹിയറിംഗുകളും പുരോഗമിക്കുകയാണ്. രണ്ടു വർഷം കൊണ്ടു ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി നിർമാണം തുടങ്ങാനാണ് സർക്കാർ ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്.
നഷ്ടപരിഹാരം എങ്ങനെ ?
2013ലെ ലാൻഡ് അക്വിസിഷൻ ആക്ടും 1956 ലെ നാഷണൽ ഹൈവേസ് ആക്ടും ആധാരമാക്കിയാണു ദേശീയപാതകളുടെ നിർമാണത്തിനുവേണ്ടി സർക്കാരിലേക്കു ഭൂമി വിട്ടു നൽകുന്നവർക്കുള്ള നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്.
രണ്ടു നിയമങ്ങളിലെയും വ്യവസ്ഥകളിലും നഷ്ടപരിഹാരത്തുക അനുവദിക്കുന്നതിന്റെ മാനണ്ഡങ്ങളിലുമുള്ള വ്യത്യാസങ്ങളും ആശയക്കുഴപ്പമുണ്ടാകുന്നതെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വ്യത്യാസങ്ങൾ പലയിടത്തും നിയമപ്രശ്നങ്ങൾക്കും വ്യവഹാരങ്ങൾക്കും വഴി തെളിച്ചിട്ടുണ്ട്.
2013ലെ ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം ദേശീയപാതയ്ക്കായി ഭൂമി വിട്ടു നൽകുന്നവർക്കു ഉയർന്ന നഷ്ടപരിഹാരത്തുകയും അനുബന്ധ ആനുകൂല്യങ്ങളും നൽകാൻ ശിപാർശ ചെയ്യുന്നുണ്ട്.
അതേസമയം 1956 ലെ ആക്ടിൽ അതിനു വിരുദ്ധമായ നിർദേശങ്ങളാണുള്ളത്. സുപ്രീം കോടതി വിധികളുടെ വെളിച്ചത്തിൽ 2013ലെ ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരം വേണമെന്ന ജനങ്ങളുടെ ആവശ്യത്തോടു സർക്കാർ വൃത്തങ്ങൾ ഇനിയും അനുകൂല നിലപാടിലേക്കെത്തിയിട്ടില്ല.
നിലവിലെ ദേശീയപാതയിൽ നിന്നുള്ള ദൂരം, ജനവാസമേഖല, താമസസ്ഥലം, കൃഷിസ്ഥലം, വിട്ടുകൊടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങൾ, അതിന്റെ കാലപ്പഴക്കം, ഭൂമിയിൽ നിലവിലുള്ള മരങ്ങൾ എന്നിവയെല്ലാം നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിൽ മാനദണ്ഡങ്ങളാകും.
പാഠങ്ങൾ മുന്നിലുണ്ട് !
കൊച്ചി വിമാനത്താവളം, ശബരി റെയിൽപാത തുടങ്ങിയ ബൃഹദ് പദ്ധതികൾക്കു ഭൂമി വിട്ടു നൽകിയശേഷം പലവിധ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവന്നവർക്ക്, നിർദിഷ്ട ബൈപാസിന്റെ പേരിൽ സമാനമായ സങ്കീർണതകളിലേക്കു കടക്കാൻ താത്പര്യമില്ല.
സിയാലിനു ഭൂമി വിട്ടു നൽകിയശേഷമുള്ള അനൂകൂല്യങ്ങളും അവകാശങ്ങളും പൂർണമായി ലഭിക്കാൻ വർഷങ്ങളോളം സമരവും നിയമപോരാട്ടവും നടത്തിയവരും പുതിയ പാതയ്ക്കായി സ്ഥലം വിട്ടുകൊടുക്കേണ്ടവരുടെ കൂട്ടത്തിലുണ്ട്.
ഏറ്റെടുക്കുന്ന സ്ഥലത്തെ വീടുകൾക്ക് അവയുടെ പഴക്കം കണക്കാക്കാതെ നഷ്ടപരിഹാരം നൽകുക, ഭൂമി ഏറ്റെടുക്കുന്പോൾ സമീപത്തെ ബാക്കിയാവുന്ന ഭൂവുടമയുടെ ഉപയോഗശൂന്യമാകുന്ന സ്ഥലങ്ങൾ കൂടി ദേശീയപാത അഥോറിറ്റി ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളും ജനങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.
‘അർഹമായ നഷ്ടപരിഹാരം വേണം'
വികസനത്തിനായി ഭൂമി വിട്ടു നൽകാൻ തയാറാണെന്നു പറയുന്പോഴും, നിയമത്തിന്റെയും സർക്കാർ നടപടികളിലെ മെല്ലപ്പോക്കുകളുടെയും നൂലാമാലകളില്ലാതെ നീതിപൂർവകമായ നഷ്ടപരിഹാരം ലഭിക്കുകയെന്നതിൽ നിന്നു ഭൂവുടമകൾ പിന്നോട്ടില്ലെന്നു നിർദിഷ്ട അങ്കമാലി-കുണ്ടന്നൂർ ബൈപാസിനായി സ്ഥലം വിട്ടു നൽകുന്നവർ ചേർന്നു രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ കൺവീനർ സജി കുടിയിരിപ്പിൽ പറഞ്ഞു.