കൂലിത്തർക്കം : മുനമ്പത്തെ ഹാർബറുകൾ ഇന്നു മുതൽ സ്തംഭിക്കും
1460719
Saturday, October 12, 2024 4:02 AM IST
വൈപ്പിൻ: മുനമ്പത്തെ ഹാർബറുകളിൽ മത്സ്യം കയറ്റുന്ന തൊഴിലാളികളുടെ കൂലിത്തർക്കം ഒത്തുതീർന്നില്ല. തൊഴിലാളി യൂണിയനുകൾ സമരം പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇന്നുമുതൽ ഹാർബറുകൾ സ്തംഭിക്കും.
അതേസമയം കൂലി വർധനവുമായി ബന്ധപ്പെട്ട് മൂന്നാമത് ചർച്ച തിങ്കളാഴ്ച ഡപ്യൂട്ടി ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടക്കാനിരിക്കെ യൂണിയനുകൾ ഇന്ന് മുതൽ അനിശ്ച തകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത് നീതിയുക്തമല്ലെന്ന് മുനമ്പം സീഫുഡ് ഡീലേഴ്സ് ഓർഗനൈസേഷൻ കുറ്റപ്പെടുത്തി.
ഇത് മുനമ്പം മത്സ്യ ബന്ധന മേഖലയെ തകർക്കാനുള്ള ശ്രമമാണെന്നാണ് ഓർഗനൈസേഷൻ ആരോപിക്കുന്നത്. സമരത്തെക്കുറിച്ച് അറിയാതെ നിരവധി ബോട്ടുകളാണ് കടലിൽ മത്സ്യബന്ധനം നടത്തി വരുന്നത്.
ഇവർ കഷ്ടപ്പെട്ട് പിടിച്ചു കൊണ്ടുവരുന്ന ലക്ഷങ്ങൾ വിലവരുന്ന മത്സ്യങ്ങൾ സൂക്ഷിച്ചു വക്കാനാവാതെ നശിച്ചു പോകുന്ന സാഹചര്യമാണ് അനാവശ്യ സമരം മൂലം സംഭവിക്കാൻ പോകുന്നതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
സമരം ഒഴിവാക്കാൻ തരകൻമാർ ഇടപെട്ട് വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ഒരു കിലോ കയറ്റുമതി മത്സ്യം തൂക്കി ഐസ് ചെയ്ത് വാഹനത്തിൽ കയറ്റുന്നതിന് നിലവിലുള്ള 2.90 രൂപയിൽ നിന്ന് 3.18 രൂപ ആക്കാമെന്ന് മത്സ്യക്കച്ചവടക്കാർ സമ്മതിച്ചെങ്കിലും 3. 22 രൂപ കിട്ടണമെന്ന് യൂണിയനുകൾ ശഠിച്ചുവത്രേ.
അതേ പോലെ 25 കിലോ അടങ്ങുന്ന സാധാരണ മത്സ്യങ്ങൾ നിറച്ച ഒരു ബോക്സ് കയറ്റുന്നതിന് നിലവിൽ കൊടുത്തുവരുന്ന 52.65 രൂപയിൽ നിന്ന് 55.50 രൂപയായി വർധിപ്പിക്കാമെന്നതും യൂണിയനുകൾ തിരസ്കരിച്ചുവത്രേ.
വൈപ്പിൻകരയിൽ തന്നെയുള്ള മുരുക്കുംപാടം മേഖലയിലെ ഹാർബറുകളിൽ ഒരു കിലോ മത്സ്യം കയറ്റുന്നതിന് 2.77 രൂപ മാത്രമുള്ളപ്പോഴാണ് മുനമ്പത്ത് 3.18 നൽകാമെന്ന് പറഞ്ഞിട്ടും യൂണിയനുകൾ അഗീകരിക്കാത്തത്.
ചെമ്മീൻ കയറ്റുമതി നിരോധനവും മറ്റു വിഷയങ്ങളുമെല്ലാം മത്സ്യ വ്യവസായത്തിനും അനു ബന്ധ മേഖലക്കും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ അനാവശ്യ സമരത്തിൽ നിന്ന് പിൻമാറണമെന്ന് സീഫുഡ് ഡീലേഴ്സ് ഓർഗനൈസേഷൻ ചെയർമാൻ നൗഷാദ് കറുകപ്പാടത്ത്, കൺവീനർ ഷൈൻ കുമാർ എന്നിവർ ആവശ്യപ്പെട്ടു.