പ്രധാനമന്ത്രിയും കൂട്ടരും വിദ്വേഷം പരത്തുന്നു: കെ.സി. വേണുഗോപാല്‍
1460879
Monday, October 14, 2024 3:51 AM IST
കൊച്ചി: ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് ഇന്ന് പതിന്മടങ്ങ് പ്രസക്തിയാണുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. എറണാകുളം ഡിസിസിയുടെയും സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാത്മാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായതിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിയന്‍ ആശയങ്ങളെ തകര്‍ത്ത് വിദ്വേഷം പടര്‍ത്താനാണ് പ്രധാനമന്ത്രി മോദിയും കൂട്ടരും ശ്രമിക്കുന്നത്. ഇന്ത്യയുടെ ആത്മാവായ കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ രാജ്യത്തിന് തന്നെ ദോഷമായി മാറുന്നു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരോട് ഒരു നിലപാടും മറ്റുള്ളവരോട് വേറൊരു നിലപാടുമാണ് ഈ സര്‍ക്കാര്‍ പിന്തുടരുന്നത്.
ശബരിമലയില്‍ ഏതെങ്കിലും തരത്തില്‍ അനിഷ്ട സംഭവങ്ങള്‍ക്ക് ആരെങ്കിലും നേതൃത്വം നല്കിയാല് വിശ്വാസികള്‍ക്കൊപ്പം കോണ്‍ഗ്രസ് നില്ക്കും. വിശ്വാസ സംരക്ഷണത്തിന് കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, ടി.എന്‍. പ്രതാപന്, എഐസിസി സെക്രട്ടറിമാരായ പി.സി. വിഷ്ണുനാഥ് എംഎല്‍എ, പി.വി. മോഹനന്, എംപിമാരായ ബെന്നി ബഹനാന്,
ജെബി മേത്തര്‍, എംഎല്‍എമാരായ ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എം. ലിജു, ദീപ്തി മേരി വര്‍ഗീസ്, അബ്ദുല്‍ മുത്തലിബ്, നേതാക്കളായ കെ.പി. ധനപാലന്, എന്‍. വേണുഗോപാല്‍, ജോസഫ് വാഴക്കന്, അജയ് തറയില്‍, ഐ.കെ. രാജു, ടോണി ചമ്മിണി, എം.ആര്. അഭിലാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.