പൈപ്പ് ലൈൻ റോഡ് പുനരുദ്ധാരണം: രണ്ടാംഘട്ട നിർമാണത്തിന് തുടക്കമായി
1483506
Sunday, December 1, 2024 5:34 AM IST
ആലുവ : വർഷങ്ങളായി തകർന്നു കിടക്കുന്ന പൈപ്പ് ലൈൻ റോഡിന്റെ രണ്ടാംഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമല സ്കൂൾ മുതൽ കുന്നത്തേരി ഷാപ്പുംപടി വരെയുള്ള മേഖല ഇന്റർലോക്ക് ടൈൽ വിരിക്കുന്ന നിർമാണോദ്ഘാടനം അൻവർ സാദത്ത് എംഎൽഎ നിർവഹിച്ചു. ചൂർണിക്കര പഞ്ചായത്തു പ്രസിഡന്റ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ലാപ്സായിപോയ ജില്ലാ പഞ്ചായത്ത് ഫണ്ടിന് പകരം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 99 .99 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണം നടക്കുന്നത്.
താനറിയാതെയാണ് തുക അനുവദിച്ചതെന്ന് എടത്തല ഡിവിഷനംഗവും സിപിഐ പ്രതിനിധിയുമായ റൈജ അമീർ എതിർത്തതോടെയാണ് തുക രണ്ട് വർഷം മുമ്പ് ലാപ്സായി പോയത്. തുക അനുവദിച്ച ശേഷം നെടുമ്പാശേരി ജില്ലാ പഞ്ചായത്തംഗം എം.ജെ. ജോമി നിർമാണോദ്ഘാടനം നടത്തിയതാണ് റൈജയെ പ്രകോപിച്ചത്.
ഇതിനിടയിൽ ആലുവ നഗരസഭയിൽ ഉൾപ്പെടുന്ന പൈപ്പ് ലൈൻ റോഡിന്റെ ഇന്റർലോക്ക് വിരിക്കൽ എംഎൽഎ ഫണ്ടിൽ പൂർത്തിയായി. എന്നിട്ടും കുന്നത്തേരി മേഖല ഗതാഗത യോഗ്യമാകാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. വിശാല കൊച്ചിയിലേക്കുള്ള ഭീമൻ കുടിവെള്ള പൈപ്പാണ് പൈപ്പ് ലൈൻ റോഡിനടിയുടെ പോകുന്നത്.
ടൈൽ വിരിക്കൽ പൂർത്തിയാകുന്നതോടെ മെഡിക്കൽ കോളേജ്, കാക്കനാട് മേഖലകളിലേക്ക് ചെറു വാഹനങ്ങൾക്ക് ദേശീയ പാത ഒഴിവാക്കി എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കും.