കാഞ്ഞൂർ പഞ്ചായത്തംഗങ്ങൾ എക്സി. എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു
1511916
Friday, February 7, 2025 4:07 AM IST
വാട്ടർ അഥോറിറ്റി പൊളിച്ച റോഡുകൾ പുനർനിർമിക്കാൻ
കാലടി: ജൽജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്നതിന് വെട്ടിപ്പൊളിച്ച റോഡുകൾ പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞൂർ പഞ്ചായത്തിലെ അംഗങ്ങൾ പെരുമ്പാവൂർ ജല അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു.
ജൽജീവൻ പദ്ധതിയുടെ ഭാഗമായി രണ്ടു വർഷത്തോളമായി കാഞ്ഞൂരിലെ വിവിധ ഭാഗങ്ങളിലായി 65 കിലോമീറ്ററോളം റോഡുകളാണ് ഇനിയും റീസ്റ്റോറേഷനും, റീ ടാറിംഗും നടത്താനുള്ളത്. നിരവധി തവണ പഞ്ചായത്തിൽ ഇതുമായി ബന്ധപ്പെട്ട യോഗങ്ങൾ നടത്തിയെങ്കിലും ജല അഥോറിറ്റിയും കോൺട്രാക്ടറും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്ന് അംഗ ങ്ങൾ ആരോപിച്ചു.
അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ രണ്ടുമാസം മുമ്പ് വിളിച്ചുചേർത്ത യോഗത്തിൽ അംഗീകരിച്ച തീരുമാനങ്ങൾ പോലും ബന്ധപ്പെട്ടവർ നടപ്പാക്കിയില്ലെന്ന് പഞ്ചായത്തംഗങ്ങൾ ആരോപിച്ചു. ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് കുഴിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താതെ പഞ്ചായത്തിന് ഈ റോഡുകളിൽ റീടാറിംഗ് ഉൾപ്പെടെയുള്ള പദ്ധതികൾ നടത്താൻ കഴിയാത്ത സാഹചര്യമാണ്.
60 ലക്ഷത്തോളം രൂപയുടെ പദ്ധതികളാണ് ഈ മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കുന്നതിന് ആവശ്യമായ ടെൻഡർ നടപടികൾ ഗ്രാമപഞ്ചായത്ത് സ്വീകരിച്ചിട്ടുള്ളത്. ഈ റോഡുകൾ റീടാറിംഗിന് സജ്ജമാക്കി നൽകേണ്ടത് ജലജീവൻ മിഷന്റെ ഉത്തരവാദിത്വമാണെന്നും അല്ലാത്തക്ഷം പഞ്ചായത്തിന്റെ പദ്ധതിത്തുക നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും അത് ഗൗരവമായ വിഷയമാണെന്നും പഞ്ചായത്തംഗങ്ങൾ പറഞ്ഞു.
പഞ്ചായത്ത് ടാറിംഗ് പൂർത്തിയാക്കി ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ പൊളിച്ച റോഡുകൾ നാശോൻമുഖം ആയിരിക്കുകയാണ്. ഈ റോഡുകളിൽ റീടാറിംഗ് നിശ്ചിത കാലാവധി പൂർത്തീകരിക്കാതെ നടത്തുവാൻ നിയമപരമായ തടസങ്ങളും ഉണ്ട്.
ചെയ്തുതീർത്ത പ്രവൃത്തികളുടെ വൻ കുടിശിക തുക ലഭിക്കാത്തതിനാൽ കരാറുകാർ സമരത്തിലാണെന്നും സർക്കാരിൽ നിന്നും ഫണ്ട് ലഭിച്ചാൽ മാത്രമാണ് റീസ്റ്റോറേഷൻ ഉൾപ്പെടെയുള്ള പ്രവൃത്തികൾ പുനരാരംഭിക്കുവാൻ കഴിയുകയുള്ളൂവെന്നും എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. ഇക്കാര്യം എല്ലാ ഉന്നതല യോഗങ്ങളിലും മേലുദ്യോഗസ്ഥരുടെയും സർക്കാരിന്റെയും ശ്രദ്ധയിലും പെടുത്തുന്നുണ്ടെന്നും, ഇതിനപ്പുറമുള്ള മറ്റു കാര്യങ്ങൾ തന്റെ പരിധിയിൽ വരുന്നതല്ലെന്നും എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അത് എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അവർ പറഞ്ഞു. കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് കെ.വി. പോളച്ചൻ, കെ.എൻ. കൃഷ്ണകുമാർ, ജയശ്രീ ടീച്ചർ, സിമി ടിജോ, ഗ്രേസി ദയാനന്ദൻ, പ്രിയ രഘു, ജിഷി ഷാജു, സരിത ബാബു, ചന്ദ്രവതി രാജൻ, റിൻസി സാജു എന്നിവർ പങ്കെടുത്തു.