കരുമാലൂരിൽ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിലം നികത്താൻ ശ്രമം
1511926
Friday, February 7, 2025 4:18 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്ത് പരിധിയിൽ സ്റ്റോപ് മെമ്മോ ലംഘിച്ച് നിലം നികത്താൻ ശ്രമം. ഒരു മാസം മുൻപു പരാതിയെ തുടർന്നു വില്ലേജ് അധികൃതരെത്തി സ്റ്റോപ് മെമ്മോ നൽകിയ സ്ഥലത്താണു വീണ്ടും നികത്തിൽ നടക്കുന്നത്.
ആലുവ- പറവൂർ റോഡിൽ ഷാപ്പുപടിയിലാണ് അരയേക്കറോളം വരുന്ന നിലം നികത്താൻ ശ്രമം നടന്നത്. പഞ്ചായത്ത് പരിധിയിലെ പലയിടത്തും കൈയേറ്റവും നികത്തലും വ്യാപകമായിരിക്കുന്നെന്ന ആക്ഷേപം നിലനിൽക്കെയാണു വിലക്കു ലംഘിച്ചു നികത്തൽ നടന്നിരിക്കുന്നത്.
മുൻപു നികത്താൻ ശ്രമം നടന്നപ്പോൾ നാട്ടുകാർ തടഞ്ഞ പ്രദേശത്താണു വീണ്ടും മണ്ണടിക്കൽ നടന്നിരിക്കുന്നത്. ഇന്നലെ രാത്രിയിൽ 10 ലോഡോളം മണ്ണ് ലോറികളിൽ കൊണ്ടുവന്ന് അടിച്ചിട്ടുണ്ട്.
മാസങ്ങൾക്കു മുൻപു ഇതിനു സമീപം തന്നെയുള്ള കരുമാലൂർ പാടശേഖരം നികത്തി നടന്ന കൈയേറ്റം റവന്യു അധികൃതർ പൂർവസ്ഥിതിയിലാക്കിയിരുന്നു. എന്നിട്ടും ഇത്തരം അനധികൃത നിലം നികത്തൽ കൂടി വരുന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരെ വീണ്ടും പരാതിയുമായി സമീപിക്കുമെന്നു കേരളീയ പരിസ്ഥിതി സംരക്ഷണസമിതി ഭാരവാഹികൾ പറഞ്ഞു.