കൊച്ചി മെട്രോ സ്ഥലത്ത് കൊടികെട്ടി സിഐടിയുവിന്റെ ലോട്ടറിക്കച്ചവടം
1535329
Saturday, March 22, 2025 3:56 AM IST
ആലുവ: കൊച്ചി മെട്രോയ്ക്ക് ദേശീയപാത അഥോറിറ്റി വിട്ടുകൊടുത്ത സ്ഥലത്ത്, സിഐടിയു കൊടി കെട്ടി, ലോട്ടറി തട്ടുകൾ സ്ഥാപിച്ചു. മെട്രോ സ്റ്റേഷന് സമീപം പില്ലർ നമ്പർ 22, 23 മേഖലകളിലാണ് സിഐടിയു എട്ടോളം ലോട്ടറി തട്ടുകൾ സ്ഥാപിച്ച് ഇന്നലെ രാവിലെ മുതൽ ലോട്ടറി വില്പന ആരംഭിച്ചത്.
വനിതാ തൊഴിലാളികളെയും ലോട്ടറി വില്പനയ്ക്ക് നിയോഗിച്ചിട്ടുണ്ട്. നേരത്തെ ദേശീയപാത മേൽപ്പാലത്തിനടിയിൽ സ്ഥാപിച്ച ലോട്ടറി തട്ടുകൾ ദേശീയപാത അഥോറിറ്റിയുടെ നിർദേശപ്രകാരം ആലുവ നഗരസഭ കഴിഞ്ഞ ആഴ്ച പൂർണമായും എടുത്തുമാറ്റിയിരുന്നു. മുന്‍പ് ഒരു സംഘം ആളുകൾ ഇവിടെ പെട്ടിക്കടകൾ സ്ഥാപിച്ചത് വിവാദമായപ്പോൾ നോട്ടീസ് നല്കി നഗരസഭ ഒഴിപ്പിച്ചിരുന്നു.
അതിന് പിന്നാലെ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ഇവിടെ ഒറ്റ രാത്രികൊണ്ട് ഷെഡ് പണിതു. നഗരസഭയുടെ ക്ലോക്ക് ടവർ കെട്ടിടത്തിൽ ഒരു മുറി മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾക്ക് വിശ്രമിക്കാൻ അനുവദിച്ചതോടെ ഷെഡ് സ്വയം പൊളിച്ചുമാറ്റി. മെട്രോ അധികൃതര്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ മിച്ചം വന്നതാണ് ഈ മൂന്ന് സെന്റ് ഭൂമി.
ഇവിടെ കടമുറികള്‍ നിര്‍മിച്ച് വാടകയ്ക്ക് നല്‍കുമെന്നും ആധുനിക സംവിധാനത്തിലുള്ള ശൗചാലയം നിര്‍മിക്കുമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല.
പരിശോധിക്കുമെന്നു കെഎംആർഎൽ
കൊച്ചി: ആലുവയിൽ മെട്രോ സ്റ്റേഷന് സമീപത്തെ ഭൂമിയിൽ അനധികൃത കൈയേറ്റം നടന്നിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് കെഎംആർഎൽ. മെട്രോ അധികൃതർ സ്ഥലത്തു പരിശോധന നടത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും കെഎംആർഎൽ അറിയിച്ചു.