ചോറ്റാനിക്കരയിൽ മാലിന്യ നിക്ഷേപത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി
1535334
Saturday, March 22, 2025 4:06 AM IST
ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ മാലിന്യ നിക്ഷേപത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ചോറ്റാനിക്കര പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കിടന്നിരുന്ന മാലിന്യത്തിനാണ് ഇന്നലെ രാത്രി എട്ടോടെ തീപിടിച്ചത്. കനത്ത ചൂടിൽ ആളിക്കത്തിയ തീ ചുറ്റിലേക്കും പടർന്നു തുടങ്ങിയതോടെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
ഇതിനോട് ചേർന്ന് പ്ലാസ്റ്റിക്ക് സംഭരണ കേന്ദ്രമുള്ളതും നാട്ടുകാരുടെ അങ്കലാപ്പ് വർധിപ്പിച്ചു. ഒടുവിൽ മുളന്തുരുത്തിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീകെടുത്തുകയായിരുന്നു. മകം തൊഴലിനോടനുബന്ധിച്ചുണ്ടായ മാലിന്യക്കൂട്ടമാണ് ഇവിടെ നിക്ഷേപിച്ചിരുന്നതെന്ന് പറയുന്നു.
അതേസമയം മാലിന്യമുക്ത നഗരമെന്ന പ്രഖ്യാപനം ജില്ലാ കളക്ടർ നടത്താനിരിക്കെ മാലിന്യം എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനായി പഞ്ചായത്തിലുള്ളവർ മാലിന്യ കൂട്ടത്തിന് തീയിട്ടതാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.