കരുമാലൂരിലെ മെഡിക്കൽ ഓഫീസർക്കെതിരേ പഞ്ചായത്തംഗങ്ങളുടെ പ്രതിഷേധം
1535344
Saturday, March 22, 2025 4:17 AM IST
കരുമാലൂർ: കരുമാലൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ മാനസിക വിഭ്രാന്തി നേരിടുന്ന വയോധികന് കാലാവധി കഴിഞ്ഞ മരുന്നു നൽകിയ സംഭവത്തിലും ജനപ്രതിനിധികളോട് അപമര്യാദയായി പെരുമാറിയ മെഡിക്കൽ ഓഫീസർക്കെതിരെ പഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങൾ കരുമാലൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ സത്യാഗ്രഹം നടത്തി.
മെഡിക്കൽ ഓഫീസർ അപമര്യാദയായി പെരുമാറിയതായി കാണിച്ചു പഞ്ചായത്ത് അംഗം മുഹമ്മദ് മെഹ്ജൂബ് ആലങ്ങാട് പോലീസിൽ പരാതി നൽകിയിരുന്നു. മെഡിക്കൽ ഓഫീസറെ അടിയന്തിരമായി സ്ഥലം മാറ്റി നിയമനടപടി സ്വീകരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
കരുമാലൂർ ആശുപത്രിപ്പടിയിൽ നടന്ന സത്യഗ്രഹ സമരം കരുമാലൂർ പഞ്ചായത്ത് വാർഡംഗം എ.എം. അലി ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ടി.എ. മുജീബ് അധ്യക്ഷത വഹിച്ചു.