മൂവാറ്റുപുഴ ബജറ്റ് അവതരണം : പ്രചാരണം അടിസ്ഥാന രഹിതമെന്ന് ചെയർമാൻ
1535351
Saturday, March 22, 2025 4:34 AM IST
മൂവാറ്റുപുഴ: നഗരസഭയുടെ ബജറ്റ് കരട് രേഖയ്ക്ക് അംഗീകാരം ലഭിച്ചില്ലെന്നും വൈസ് ചെയർപഴ്സണ്‍ സിനി ബിജുവിന് ബജറ്റ് അവതരിപ്പിക്കാൻ കഴിയില്ലെന്നുമുളള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്.
കേരള മുനിസിപ്പാലിറ്റി ആക്ട് 290 പ്രകാരം സ്റ്റാൻഡിംഗ് കമ്മിറ്റി ബജറ്റ് തയാറാക്കുന്നതിൽ വീഴ്ച വരുത്തിയാൽ മാത്രമാണ് സെക്രട്ടറി വോട്ട് ഓണ്‍ അക്കൗണ്ട് തയാറാക്കി നഗരസഭാധ്യക്ഷൻ കൗണ്‍സിൽ മുന്‍പാകെ അവതരിപ്പിക്കേണ്ടി വരിക.
ബജറ്റ് 31ന് മുന്‍പ് പാസാക്കിയാൽ മതി. ഇതിനാവശ്യമായ കരട് തയാറാക്കുക എന്നത് വൈസ് ചെയർപേഴ്സന്റെ മാത്രം ഉത്തരവാദിത്വമല്ല. മുഴുവൻ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾക്കും ഇക്കാര്യത്തിൽ ബാധ്യതയുണ്ട്.
നിർദേശിച്ച കാലയളവിനുള്ളിൽ നഗരസഭയുടെ ബജറ്റ് എസ്റ്റിമേറ്റ് തയാറാക്കുന്നതിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി വീഴ്ചവരുത്തുകയോ, തയാറാക്കാതിരിക്കുകയോ, കാലതാമസം വരുത്തുകയോ ചെയ്താൽ മാത്രമാണ് സെക്രട്ടറി തയാറാക്കിയ നിർദേശങ്ങൾ കൗണ്‍സിലിന് മുന്‍പാകെ വച്ച് എസ്റ്റിമേറ്റ് മാറ്റങ്ങളോടു കൂടിയോ അല്ലാതെയോ പാസാക്കേണ്ടി വരിക. ഇവിടെ ഇത്തരത്തിലുളള കാര്യങ്ങൾ ഉണ്ടായിട്ടില്ല.
സമയബന്ധിതമായി കരട് നിർദേശങ്ങൾ നൽകുകയും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ ചർച്ച നടത്തുകയും 28ന് നടക്കുന്ന കൗണ്‍സിലിൽ യോഗത്തിൽ ബജറ്റ് അവതരിപ്പിക്കുന്നതിനും തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വീഴ്ച ഉണ്ടായിട്ടില്ല.
ബജറ്റിനെ എതിർക്കാനോഅവതരണം തടസപ്പെടുത്താനോ ഈ ഉപ സമിതിയിലെ അംഗങ്ങൾക്ക് നിയമപരമായി കഴിയില്ല. ബജറ്റ് നിർദേശങ്ങളോട് വിയോജിക്കാനും അധികാരമില്ല. നഗരപാലിക നിയമവും ചട്ടവും ഇതായിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണ്.
പ്രതിപക്ഷാംഗങ്ങൾ എതിർത്തതോടെ നഗരസഭയുടെ ബജറ്റ് കരട് രേഖയ്ക്ക് ധനകാര്യ സമിതിയുടെ അംഗീകാരം ലഭിച്ചില്ലെന്നാണ് പ്രചരിപ്പിക്കുന്നത്. കരട് ചർച്ച ചെയ്യുന്പോൾ ഏതു തരത്തിലുളള നിർദേശവും അംഗങ്ങൾക്ക് മുന്നോട്ട് വയ്ക്കാം. ഇതു മറച്ച് പിടിച്ച് പ്രതിപക്ഷ അംഗങ്ങൾ പൊറാട്ട് നാടകം കളിക്കുകയാണന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു.