ജില്ലാ ജയിലിലെ ജലക്ഷാമം : അടിയന്തര നടപടി വേണമെന്ന് കമ്മീഷന്
1535585
Sunday, March 23, 2025 4:11 AM IST
ഏപ്രില്‍ 22ന് നടക്കുന്ന സിറ്റിംഗില്‍ നടപ്പാക്കിയ കാര്യങ്ങള്‍ വിശദീകരിക്കണമെന്നും
കമ്മീഷന് ഉത്തരവിട്ടു
കൊച്ചി: കാക്കനാട് ജില്ലാ ജയിലിലെ ജലക്ഷാമം സംബന്ധിച്ച പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്. ജയിലിലെ കടുത്ത ജലക്ഷാമം പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് നിര്‍ദേശം നല്കി.
വാട്ടർ അഥോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്കും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജില്ലാ ജയില്‍ സന്ദര്‍ശിക്കണമെന്നും ജലക്ഷാമത്തിനുള്ള കാരണം കണ്ടെത്തി നടപടികള്‍ സ്വീകരിച്ച ശേഷം രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
നാലു ദിവസം കൂടുമ്പോഴാണ് ജില്ലാ ജയിലില്‍ വാട്ടർ അഥോറിറ്റി വെള്ളം നല്‍കുന്നതെന്നും ഇതുമൂലം തടവുകാര്‍ ബുദ്ധിമുട്ടിലാണെന്നുമായിരുന്നു പത്രങ്ങളില്‍ വാര്‍ത്തവന്നത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു. 110 പേരെ പാര്‍പ്പിക്കാന്‍ സ്ഥലമുള്ള ജയിലില്‍ 200 ലധികം പേരെ പാര്‍പ്പിച്ചിരിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
ജയില്‍ പരിസരത്ത് മെട്രോ നിര്‍മാണം നടക്കുന്നതിനാല്‍ പൈപ്പ് പൊട്ടി വെള്ളം മുടങ്ങുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് ജയില്‍ അധികൃതര്‍ കമ്മീഷനെ ധരിപ്പിച്ചു. ചിറ്റേത്തുകര, രാജഗിരിവാലി, തുതിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പൈപ്പ് ലൈനില്‍ നിന്നാണ് വെള്ളം ലഭിക്കുന്നത്.
ടാങ്കറില്‍ വെള്ളമടിക്കാനുള്ള ഫണ്ടില്ലെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 22ന് നടക്കുന്ന സിറ്റിംഗില്‍ ഉത്തരവ് സംബന്ധിച്ച് നടപ്പാക്കിയ കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ് കമ്മീഷന് ഉത്തരവ് നല്‍കിയിരിക്കുന്നത്.