കതൃക്കടവിലെ ഹാര്‍ഡ് വെയര്‍ കടയിൽ വൻ തീപിടുത്തം
1535587
Sunday, March 23, 2025 4:11 AM IST
കൊച്ചി: കലൂര്‍ കതൃക്കടവില്‍ ടൂള്‍സ് ആന്‍ഡ് ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ വന്‍ തീപിടുത്തം. കലൂര്‍ പൊറ്റക്കുഴി സ്വദേശി സിയാദിന്റെ ഉടമസ്ഥതയില്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ചര്‍ച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന മംഗലത്ത് ടൂള്‍സ് ആന്‍ഡ് ഹാര്‍ഡ് വെയര്‍ കടയിലാണ് തീപിടുത്തമുണ്ടായത്.
കട പൂര്‍ണമായി കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം എത്രയെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. ഗാന്ധിനഗര്‍, ക്ലബ് റോഡ്, തൃക്കാക്കര എന്നിവിടങ്ങളില്‍ നിന്നുള്ള ഒരോ യൂണീറ്റ് വീതം ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. കടയില്‍ വില്പനയ്ക്കായി വച്ചിരുന്ന പെയിന്റ്, ടിന്നര്‍ ഉള്‍പ്പെടെയുള്ളവ തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടി. മൂന്നുനില ഷോപ്പിംഗ് കോംപ്ലക്സിലെ താഴത്തെ നിലയിലായിരുന്നു കട.
തീപിടുത്തത്തില്‍ കടയ്ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ഗോള്‍ഡ് ലോണ്‍ സ്ഥാപനത്തിന്റെ ഷട്ടറും സിസിടിവി ഉള്‍പ്പെടെയുള്ളവയും കത്തി നശിച്ചു. ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്നാമത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ലേഡീസ് ഹോസ്റ്റലിലേയ്ക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടിത്തെ തുടര്‍ന്ന് പുകപടലങ്ങള്‍ ഉയര്‍ന്നതോടെ ലേഡീസ് ഹോസ്റ്റലിലെ അന്തേവാസികള്‍ അതിവേഗം മൂന്നാം നിലയില്‍ നിന്നും പുറത്തു കടക്കുകയായിരുന്നു.
ഒന്നര മണിക്കൂറോളം പ്രയത്നിച്ചാണ് ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാര്‍, ഗാന്ധിനഗര്‍ സ്റ്റേഷന് ഓഫീസര്‍ കെ.പി. പ്രഘോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തീ നിയന്ത്രണ വിധേയമാക്കിയത്. കടയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ അടുക്കളയിൽ ഗ്യാസ് സിലിണ്ടറുള്പ്പെടെ സൂക്ഷിച്ചിരുന്നു.
സിലിണ്ടറുകളിലേക്കും കടകളിലേക്കും തീപടര്ന്നിരുന്നതും വലിയ ദുരന്തം ഒഴിവാക്കി.