ആലുവ ടൗൺ ബസാർ കെട്ടിടം: കടമുറികൾ അനധികൃതമായി വാടകയ്ക്ക് നൽകുന്നതായി പരാതി
1544466
Tuesday, April 22, 2025 7:00 AM IST
ആലുവ: ആലുവ നഗരസഭയുടെ പഴയ ബസ് സ്റ്റാൻഡ് പ്രവർത്തിച്ചിരുന്ന ടൗൺ ബസാർ കെട്ടിടത്തിൽ പ്രവർത്തനാനുമതി നിഷേധിച്ചിട്ടും കടമുറികൾ അനധികൃതമായി വാടകയ്ക്ക് നൽകുന്നതായി പരാതി.
ജീർണാവസ്ഥയിലായ കെട്ടിടത്തിലെ കടമുറികൾ കൈവശം വച്ചിരിക്കുന്നവർ തന്നെ വലിയ തുകയ്ക്ക് മറിച്ചുവിൽക്കുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ആലുവ നഗരസഭയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി റെയിൽവേ ജംഗ്ഷനിലുള്ള ഈ ഓൾഡ് ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ച് ശതാബ്ദി സ്ക്വയർ നിർമിക്കുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. നാല് വർഷമായിട്ടും പദ്ധതി നീണ്ടു പോയതോടെ കെട്ടിടം പൊളിക്കലും നീണ്ടു പോയി. ഇതിനിടയിൽ വ്യാപാരികൾ ട്രിബ്യൂണലിൽ നിന്നും കെട്ടിടം പൊളിക്കാനുള്ള ഉത്തരവിന് സ്റ്റേ സമ്പാദിച്ചു.
നാലുനില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ തുടങ്ങിയവ മാറിപ്പോയി. ഗ്രൗണ്ട് ഫ്ലോറിലുള്ള കടകൾ വീണ്ടും മറിച്ചുനൽകി വരുമാനം ഉണ്ടാക്കുന്നതായി പൊതുപ്രവർത്തകനായ ആർ. സതീഷ് കുമാർ നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. കെട്ടിടം പൊളിക്കാനുള്ളതിനാൽ സ്ഥാപനങ്ങൾക്കൊന്നും ആലുവ നഗരസഭാ ലൈസൻസ് കഴിഞ്ഞ മൂന്ന് വർഷമായി നൽകിയിട്ടില്ല. ഇതേ അവസ്ഥയാണ് ആലുവ മാർക്കറ്റ് കെട്ടിട സമുച്ചയ പദ്ധതിക്കും സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ 11 വർഷമായി ആലുവ നഗരസഭയ്ക്ക് മാർക്കറ്റിൽ നിന്ന് വാടകയുമില്ല, പദ്ധതിയും നടന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ നികുതിയേതര വരുമാനമാണ് കെടുകാര്യസ്ഥ കാരണം ആലുവ നഗരസഭ ഇല്ലാതാക്കുന്നതെന്ന വിമർശനവും ശക്തമാണ്.