വൈപ്പിൻ മണ്ഡലത്തിലെ പ്രവൃത്തികൾക്ക് അക്വിസിഷൻ നടപടികൾ സമയബന്ധിതമായി തീർപ്പാക്കുമെന്ന്
1544468
Tuesday, April 22, 2025 7:00 AM IST
വൈപ്പിൻ: മണ്ഡലത്തിലെ വിവിധ നിർമാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട അക്വിസിഷൻ നടപടികൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനം. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ സാന്നിധ്യത്തിൽ കളക്ടർ എൻ.എസ്.കെ. ഉമേഷ് വിളിച്ചു ചേർത്ത യോഗത്തിലാണ് ധാരണ.
238.66 കോടി രൂപയുടെ തീരദേശ ഹൈവേ യുടെ 6(1), 4(1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും 11 (1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. 143.15കോടിയുടെ മുനമ്പം-അഴീക്കോട് പാലം നിർമാണത്തിന്റെ ഭാഗമായി കോടതിയിലുള്ള വിഷയങ്ങളിലും പെട്രോൾ പമ്പിന്റെ സ്ഥലം ഏറ്റെടുക്കുന്നതിലും ഉടൻ പരിഗണന ഉണ്ടാകും. മുനമ്പത്ത് പള്ളിപ്പുറം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വില നിർണയം നടത്തിയിട്ടുണ്ട്. ലാൻഡ് അക്വിസിഷൻ ഓഫീസർ ഉടൻ നഷ്ടപരിഹാരത്തുക അനുവദിക്കും.
10.4 കോടിയുടെ നായരമ്പലം ഹെർബർട്ട് പാലം നിർമാണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കാനായിട്ട് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച 6.48 ആർ സ്ഥലത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കും. 24.46 കോടിയുടെ കോൺവെന്റ് ബീച്ച് പാലത്തിനായി 69.91 സെന്റ് സ്ഥലം ഏറ്റെടുക്കണം. കഴിഞ്ഞ മാസം ഇതിനു റവന്യൂ വകുപ്പിന്റെ അനുമതിയായി. കരാറുകാരനെ ടെർമിനേറ്റ് ചെയ്യൽ, ജിഎസ്ടി പ്രശ്നം എന്നിവ പരിഹരിച്ച് സ്ഥലമെടുപ്പ് നടപടികൾ നേരിടുന്ന കാലതാമസം ഒഴിവാക്കും. 13.821 കോടിയുടെ ചെറിയ കടമക്കുടി - പിഴല പാലത്തിനു 6.90 ആർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.
പൊതുമരാമത്ത് പാലം വിഭാഗത്തിലുൾപ്പെട്ട ഏഴു കോടിയുടെ മാലിപ്പുറം പാലത്തിന്റെ ഡിസൈൻ ലഭിച്ചു. ഇതിനു ഭരണാനുമതി കിട്ടണം. ദൈർഘ്യത്തിനനുസരിച്ച് അക്വിസിഷൻ പൂർത്തിയാക്കേണ്ടതുണ്ട്. ഇതു ഇനിയും വൈകാൻ ഇടയുണ്ടാകരുതെന്നു എം എൽ എ യോഗത്തിൽ ആവശ്യപ്പെട്ടു. ജിഡ പ്രവൃത്തികളിലുൾപ്പെട്ട പിഴല 550 മീറ്റർ റോഡ്, വലിയ കടമക്കുടി റോഡ് വീതികൂട്ടൽ, വലിയ കടമക്കുടി നോർത്ത് റോഡ്, പിഴല-പാലിയംതുരുത്ത് റോഡ് വികസനം, ചരിയംതുരുത്ത് - പുതുശേരി റോഡ്, കോതാട്-ചേന്നൂർ പാലം, പിഴല-ചെന്നൂർ, ചേന്നൂർ-ചരിയംതുരുത്ത് പാലങ്ങൾ എന്നിവയുടെ നിർമാണത്തിന്റെ ഭാഗമായ അക്വിസിഷൻ നടപടികളും സമയക്രമമനുസരിച്ചു പൂർത്തീകരിക്കാനും യോഗത്തിൽ തീരുമാനമായി.