സിനിമയ്ക്ക് പുറത്ത് നിയമ നടപടിയുമായി മുന്നോട്ടില്ലെന്ന് വിന് സി. അലോഷ്യസ്
1544472
Tuesday, April 22, 2025 7:13 AM IST
കൊച്ചി: സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയ നടനെതിരെ സിനിമയ്ക്ക് പുറത്ത് നിയമ നടപടിയുമായി മുന്നോട്ടില്ലെന്ന് നടി വിന് സി അലോഷ്യസ്.
സിനിമയ്ക്കുള്ളില്‍ പ്രശ്നം പരിഹരിക്കണമെന്നാണ് തന്റെ നിലപാട്. അന്വേഷണത്തോട് സഹകരിക്കുമെന്ന് മാത്രമാണ് മന്ത്രിയോട് പറഞ്ഞത്. ഫിലിം ചേംബറിനും സിനിമയുടെ ഇന്റേണല്‍ കംപ്ലയിന്റ് അഥോറിറ്റിക്കും നല്കിയ പരാതി പിന്‍വലിക്കില്ലെന്നും അതുമായി മുന്നോട്ടു പോകുമെന്നും നടി വ്യക്തമാക്കി.
സിനിമാ മേഖലയില്‍ മാറ്റം ഉണ്ടാകണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത് എന്നുമാണ് തന്റെ ആവശ്യം. അതിനുവേണ്ടിയാണ് ഫിലിം ചേംബറിനും സിനിമയുടെ ഇന്റേണല്‍ കംപ്ലയിന്റ് അഥോറിറ്റിയിലും പരാതി നല്‍കിയത്. "സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കും.
സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്. ആ ഉറപ്പാണ് എനിക്ക് വേണ്ടത്. മാലാ പാര്‍വതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും പ്രതികരിക്കാനില്ല. സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട ഐ സി യോഗത്തില്‍ പങ്കെടുക്കും', - വിന് സി പറഞ്ഞു. സൂത്രവാക്യം സിനിമയുടെ സൈറ്റില്‍ വച്ച് ലഹരി ഉപയോഗിച്ച നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നായിരുന്നുവെന്നായിരുന്നു വിന് സിയുടെ പരാതി.
വിൻ സി. ഇന്റേണല്‍ കമ്മിറ്റി മുമ്പാകെ മൊഴി നല്കി
കൊച്ചി: സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിന് സി അലോഷ്യസ് സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റി മുമ്പാകെ മൊഴി നല്കി. ഇന്റേണല്‍ കമ്മിറ്റിയുടെയും ഫിലിം ചേംബറിന്റെയും നടപടികളില്‍ തൃപ്തിയുണ്ട്.
നിയമനടപടികളിലേക്ക് ഇല്ലെന്ന് നേരത്തെ തന്നെ താന്‍ വ്യക്തമാക്കിയതാണെന്നും ഇന്റേണല്‍ കമ്മിറ്റി മുമ്പാകെ മൊഴി നല്‍കിയശേഷം മാധ്യമങ്ങളോട് പറഞ്ഞു. മൊഴിയിലെ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ല.
മൊഴിയുടെ വിശദവിവരങ്ങള്‍ അവര്‍ തന്നെ പുറത്തുവിടട്ടെ. പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നത് ശരിയായ നടപടിയല്ല. പരാതി ചോര്‍ന്നത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും നടി പറഞ്ഞു. വിന് സിയുടെ പരാതിയില്‍ വിശദീകരണം നല്കാന് നടന് ഷൈന്‍ ടോം ചാക്കോയും ഇന്നലെ ഇന്റേണല്‍ കമ്മിറ്റി മുമ്പാകെ എത്തിയിരുന്നു. അമ്മയ്ക്കൊപ്പമെത്തിയ നടന് ഷൈന്‍ വിശദീകരണം നല്‍കിയശേഷം മടങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല. വിന് സിയെയും ഷൈനെയും ഒരുമിച്ചിരുത്തിയും ഒറ്റക്കൊറ്റയ്ക്കായും ഇന്റേണല്‍ കമ്മിറ്റി മൊഴിയെടുത്തു.
ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ തുടര്‍നടപടികളിലേക്ക് കടക്കുകയുളളൂവെന്നാണ് ഫിലിം ചേമ്പര്‍ അറിയിച്ചിരിക്കുന്നത്.