ബസും ട്രക്കും കൂട്ടിയിടിച്ച് ബസ് ഡ്രൈവർ മരിച്ചു
1577170
Saturday, July 19, 2025 10:19 PM IST
മരട്: സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് ബസ് ഡ്രൈവർ മരിച്ചു. ചേർത്തല കുന്നുചിറയിൽ വീട്ടിൽ തരൂർ ശിവപ്രസാദ് (25) ആണ് മരിച്ചത്.
പേട്ട ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തേക്ക് വന്ന ട്രക്കും രാവിലെ സർവീസ് തുടങ്ങാനായി വന്ന ബസും തമ്മിൽ ഇന്നലെ രാവിലെ 7.45ന് കുണ്ടന്നൂർ ജംഗ്ഷനിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 10.55ന് മരിച്ചു.
ബസ് സർവീസ് തുടങ്ങിയിട്ടില്ലാതിരുന്നതിനാൽ ബസിൽ മറ്റാരും ഉണ്ടായിരുന്നില്ല. സാമൂഹ്യക്ഷേമ വകുപ്പിൽ നിന്നു വിരമിച്ച ശശിധര ലാലിന്റെയും വിരമിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരി ടി.കെ. പുഷ്പയുടെയും ഏകമകനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.