ചെറായി കൊമരന്തി പാലത്തിനടിയിൽ പൈപ്പ് ലൈൻ ചോർച്ച; തെക്കൻ മേഖലയിൽ കുടിവെള്ളം മുടങ്ങി
1577243
Sunday, July 20, 2025 4:29 AM IST
കനത്ത മഴ അറ്റകുറ്റപ്പണികൾക്കു തടസം
ചെറായി: ചെറായി കൊമരന്തി പാലത്തിനടിയിലെ 450 എംഎം എച്ച്ഡിഇപി പൈപപ്പ് ലൈനിൽ ചോർച്ച. ഇതുമൂലം കുറച്ചു ദിവസങ്ങളായി തെക്കൻ മേഖലയായ ഏടവനക്കാട്, നായരമ്പലം, ഞാറക്കൽ പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങൾ പലതും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്.
നായരമ്പലത്താണ് സ്ഥിതി രൂക്ഷം. ചോർച്ച പരിഹരിക്കാനായി പണികൾ നടക്കുന്നുണ്ട്. എന്നാൽ കനത്ത മഴയെ തുടർന്നുള്ള പ്രതികൂല സാഹചര്യം മൂലം ഉദ്ദേശിച്ച രീതിയിൽ അറ്റകുറ്റപണികൾ പൂർണമായും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
കുടിവെള്ള വിതരണം പൂർവസ്ഥിതിയിൽ ആകാൻ രണ്ടുമൂന്നു ദിവസം കൂടിയെടുക്കുമെന്ന് എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. അതേസമയം വൈപ്പിനിൽ എവിടെയെങ്കിലും പൈപ്പ് ഒന്ന് പൊട്ടിയാൽ ദിവസങ്ങളോളം കുടിവെള്ളം മുട്ടുന്ന സ്ഥിതി പതിവായിരിക്കുകയാണ്.
ലൈനുകളിൽ അധികവും വളരെയേറെ പഴക്കമുള്ളവയാണ്. ഇതാണ് ഇവ അടിക്കടി തകരാറിലാകുന്നതെന്ന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഗസ്റ്റിൻ മണ്ടോത്ത് പറയുന്നു. ഈ സാഹചര്യത്തിൽ പഴയ പൈപ്പ് ലൈനുകൾ മാറ്റി പുതിയവ സ്ഥാപിക്കാനുള്ള പദ്ധതി നടപ്പിലാക്കണമെന്നും അദ്ദേഹം വാട്ടർ അഥോറിറ്റിയോട്ആവശ്യപ്പെട്ടു.