പട്ടാപ്പകൽ കടയിൽ മോഷണശ്രമം: പ്രതിയെ നാട്ടുകാർ പിടികൂടി
1577247
Sunday, July 20, 2025 4:29 AM IST
ആലുവ: പ്രാർഥനയ്ക്ക് പോകാനായി താഴ്ത്തിയിട്ട ഷട്ടറിലൂടെ ബേക്കറിയുടെ അകത്ത് കയറി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി നാട്ടുകാരുടെ പിടിയിലായി. ആലങ്ങാട് വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് ശിവപുരം ഇയ്യാട് കിഴക്കേ തോട്ടയിൽ വീട്ടിൽ ടി.വി. അജയ് കുമാർ (31) ആണ് പിടിയിലായത്.
ഉടമ കൊടികുത്തുമല ആഞ്ഞിലിമൂട്ടിൽ ജാസൽ വെള്ളിയാഴ്ച ജുമാ നമസ്കാരത്തിൽ പങ്കെടുക്കാനാണ് ബേക്കറിയുടെ ഷട്ടർ താഴ്ത്തിയിട്ടത്. ഷട്ടർ തുറന്ന് ഒരാൾ അകത്തേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കണ്ടു.
ഇത് കടയ്ക്ക് സമീപത്തെ ബന്ധുക്കളെ വിളിച്ചറിയിച്ചപ്പോഴാണ് മോഷ്ടാവ് വലയിലായത്. പ്രതിയെ എടത്തല പോലീസിന് കൈമാറി. ഇയാൾ വിവിധ ജില്ലകളിലായി നിരവധി കേസുകളിലെ പ്രതിയാണ്. ബിനാനിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ സൂപ്പർ മാർക്കറ്റിൽ നിന്നും 75,000 രൂപ കവർന്ന കേസിൽ പ്രതിയാണ്. മാവൂർ, പൊന്നാനി, പനമരം, വഴിക്കടവ് സ്റ്റേഷനുകളിലെല്ലാം പ്രതിക്കെതിരെ മോഷണക്കേസുകളുണ്ട്.
കുടുംബസമേതം മാറി മാറി താമസിച്ചാണ് മോഷണം നടത്തുന്നത്. പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും. ബിനാനിപുരം പോലീസും പ്രതിയെ അറസ്റ്റ് ചെയ്യും.