വിദ്യാദർശൻ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
1577249
Sunday, July 20, 2025 4:29 AM IST
കൊച്ചി: തങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളുടെ അത്ഭുതങ്ങൾ കണ്ടെത്തുന്നതിനും അവ വളർത്തി ജീവിതവിജയം നേടുന്നതിനുമുള്ള അവസരമായാണു വിദ്യാർഥികൾ വിദ്യാഭ്യാസത്തെ കാണേണ്ടതെന്ന് റിട്ട. ഹൈക്കോടതി ജഡ്ജി സോഫി തോമസ് അഭിപ്രായപ്പെട്ടു.
എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന റേ ഓഫ് ഹോപ് ചൈൽഡ് ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന വിദ്യാദർശൻ പദ്ധതിയുടെ ഭാഗമായി പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
അതിരൂപത വികാരി ജനറാൾ റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അധ്യക്ഷത വഹിച്ചു. നമുക്ക് ആവശ്യമുള്ളത് മറ്റുള്ളവരിൽ നിന്ന് സ്വീകരിക്കുന്നതുപോലെ കഴിയുന്ന വിധത്തിൽ മറ്റുള്ളവരെ സഹായിക്കുന്നതിനും നമുക്ക് മനസുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാദർശൻ ടീ ഷർട്ടുകളുടെ വിതരണം അദ്ദേഹം നിർവഹിച്ചു.
റേ ഓഫ് ഹോപ് ചൈൽഡ് ഫൗണ്ടേഷൻ ഡയറക്ടർ ഫാ. തോമസ് മുട്ടം, വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, സിജോ പൈനാടത്ത്, കെ. ഒ. മാത്യൂസ്, സിസ്റ്റർ ജൂലി എന്നിവർ പ്രസംഗിച്ചു.