നിലംപൊത്താറായ നിലയിൽ കനാൽ അക്വഡേറ്റ്
1577254
Sunday, July 20, 2025 4:43 AM IST
മൂവാറ്റുപുഴ: പ്രദേശവാസികളെ ഭീതിയിലാക്കി ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ പെരിയാർവാലി കനാൽ അക്വഡേറ്റ്. പായിപ്ര വെസ്റ്റ് മുളവൂരിലാണ് പെരിയാർവാലി അക്വഡേറ്റിന്റെ കോണ്ക്രീറ്റുകൾ അടർന്ന് വീണ് തുരുന്പെടുത്ത കന്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത്.
മേതല - ആട്ടായം ബ്രാഞ്ച് കനാലിലെ വെസ്റ്റ് മുളവൂരിലാണ് ഏത് നിമിഷവും നിലംപൊത്താവുന്ന രീതിയിൽ അക്വഡേറ്റുള്ളത്.
പതിറ്റാണ്ടുകൾക്ക് മുന്പ് നിർമിച്ച അക്വഡേറ്റിന്റെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് പതിവായിരിക്കുകയാണ്. പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും ഇടപെടലിനെ തുടർന്ന് വർഷങ്ങൾക്ക് മുന്പ് പെരിയാർവാലി അധികൃതർ അക്വഡേറ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും വീണ്ടും സിമന്റ് പാളികൾ അടർന്നു വീഴുന്നുണ്ട്.
വിദ്യാർഥികളടക്കം നിരവധി ആളുകൾ സഞ്ചരിക്കുന്ന റോഡിന് മുകളിൽ അപകടകരമായി നിൽക്കുന്ന അക്വഡേറ്റ് പെരിയാർവാലി ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു. എന്നാൽ ഫണ്ടില്ലെന്ന കാരണം ചൂണ്ടികാണിച്ച് മറ്റ് യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയാറായില്ലെന്ന് ആരോപണമുയർന്നിരുന്നു. മഴക്കാലം ആരംഭിച്ചതോടെ പെരിയാർവാലി കനാൽ ബണ്ട് റോഡുകളെല്ലാം തകർന്ന് തരിപ്പണമായിമാറിയിരിക്കുകയാണ്. പല സ്ഥലങ്ങളിലും കനാൽ ബണ്ട് തകർന്ന നിലയിലുമാണ്.
ഇതോടൊപ്പം തന്നെ കനാലുകൾ എല്ലാം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറി. വേനൽ കാലത്ത് അനേകായിരങ്ങൾ കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗിക്കുന്ന കനാലുകളും തോടുകളും സംരക്ഷിക്കാൻ ജലസേചന വകുപ്പ് അടിയന്തര ഇടപെടൽ നടത്തണമെന്ന് കോണ്ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റും പായിപ്ര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ.എച്ച്. സിദ്ധീഖ് ആവശ്യപ്പെട്ടു.
കനാൽ ബണ്ടിന്റെയും റോഡിന്റെയും അറ്റകുറ്റപ്പണികൾ തീർത്ത് വാഹന ഗതാഗതത്തിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിരന്തരമായി സമരങ്ങളും മറ്റും നടത്തുന്നുണ്ടെങ്കിലും അധികൃതർ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.