അരീക്കൽ വെള്ളച്ചാട്ടം : പുതിയ വികസന സാധ്യതകൾ പരിശോധിക്കാൻ കളക്ടറെത്തി
1577259
Sunday, July 20, 2025 4:43 AM IST
പിറവം: ജില്ലയിലെ പ്രമുഖ ടൂറിസ്റ്റു കേന്ദ്രങ്ങളിലൊന്നായ പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടത്തിന്റെ കൂടുതൽ വികസന സാധ്യതകൾ പരിശോധിക്കുന്നതിനായി ജില്ലാ കളക്ടറെത്തി. ഇവിടെ അഡ്വഞ്ചർ ടൂറിസം ഉൾപ്പെടെയുള്ളവ പരിഗണനയിലുണ്ട്. പാമ്പാക്കുട പഞ്ചായത്തിന്റെ അധീനതയിലുള്ള അരീക്കൽ പ്രദേശത്ത് ഇപ്പോൾതന്നെ വളരെയധികം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജില്ലയ്ക്ക് പുറത്തുനിന്നു ദിവസവും നിരവധിയാളുകൾ ഇവിടെയെത്തുന്നുണ്ട്. കുട്ടികൾക്കു പോലും അപകടഭയമില്ലാതെ വെള്ളച്ചാട്ടത്തിന് താഴെയിറങ്ങി കുളിക്കാമെന്നുള്ളതാണ് ആളുകളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. പുതിയ വികസന പദ്ധതികൾക്കായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി കളക്ടർക്ക് സർപ്പിക്കും.
ആദ്യഘട്ടമെന്ന നിലയിൽ സിപ്പ് ലൈൻ, ഗ്ലാസ് ബ്രിഡ്ജ് ഉൾപ്പെടെയുള്ള പദ്ധതികൾ കൊണ്ടുവരുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചു. അരീക്കല്ലിലെ പുറമ്പോക്ക് ഭൂമി താലൂക്ക് സർവേയറെകൊണ്ട് അളന്ന് തരംതിരിച്ചിടീക്കുവാൻ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തുകയും പഞ്ചായത്ത് എടുക്കുന്ന പദ്ധതികളുടെ സാധ്യതകൾ പരിശോധിച്ച് പ്രദേശത്തെ ടൂറിസം വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാമെന്ന് കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു.
അനൂപ് ജേക്കബ് എംഎൽഎ അടിയന്തരമായി നടപ്പിലാക്കേണ്ട വികസന പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനും ഒപ്പമുണ്ടായിരുന്നു.