നാലു മാസമായി അവധിയിൽ : അസിസ്റ്റന്റ് എൻജിനീയർക്ക് പകരക്കാരനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് ധർണ
1577260
Sunday, July 20, 2025 4:43 AM IST
കൂത്താട്ടുകുളം: നാലു മാസമായി അവധിയിൽപോയ അസിസ്റ്റന്റ് എൻജിനീയർക്ക് പകരക്കാരനെ നിയമിക്കാനാകാത്ത നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ കോണ്ഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. പിറവം ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പി.സി. ജോസ് ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റെജി ജോണ് അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോണ് മുഖ്യ പ്രഭാഷണം നടത്തി.
ബേബി കീരാംതടം, ബേബി തോമസ്, സജി പനയാരംപിള്ളി, പി.സി. ഭാസ്കരൻ, സിബി കൊട്ടാരം, ജിജോ ടി. ബേബി, മർക്കോസ് ഉലഹന്നാൻ, സാറാമ്മ ജോണ്, ലിസി ജോസ്, ഷിജി സാറ ഏലിയാസ്, ജോർജ് ചന്പമല, ജോർജ് വന്നിലം, കെ.എം. യാക്കോബ്, അമൽ ജേക്കബ് മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
25-26 വർഷം നഗരസഭ ഭരണസമിതി ഭരണാനുമതി നൽകിയ പദ്ധതികൾക്ക് സമയബന്ധിതമായി എസ്റ്റിമേറ്റ് തയാറാക്കാനോ സാങ്കേതിക അനുമതി നേടിയെടുക്കാനോ ടെൻഡർ നടപടികൾ പൂർത്തീകരിക്കാനോ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഈ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത സഹചര്യമാണ് നിലവിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കൂത്താട്ടുകുളം നഗരസഭ സെക്രട്ടറി ഔദ്യോഗിക വാഹനത്തെ ദുർവിനിയോഗം ചെയ്യുകയാണെന്ന് നഗരസഭാംഗം സിബി കൊട്ടാരം ആരോപിച്ചു. സെക്രട്ടറിയുടെ ദുർഭരണമാണ് കൂത്താട്ടുകുളം നഗരസഭയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പല വാർഡുകളിലേയും വഴിവിളക്കുകൾ പ്രവർത്തിക്കുന്നില്ലെന്നും മറ്റു പല മരാമത്ത് പ്രവർത്തനങ്ങളും നിലച്ചിരിക്കുകയാണെന്നും നഗരസഭാംഗം പി.സി. ഭാസ്കരൻ ആരോപിച്ചു.