നേര്യമംഗലം പഴയ റോഡ് പുനരുദ്ധരിക്കണം: എകെസിസി
1577262
Sunday, July 20, 2025 4:43 AM IST
നേര്യമംഗലം: കൊച്ചി-ധനുഷ്ക്കോടി ഹൈവേയിൽ നേര്യമംഗലം ടൗണിന് സമാന്തരമായി ഉപയോഗശ്യൂന്യമായി കിടക്കുന്ന പഴയ റോഡ് (ബൈപ്പാസ്) പുനരുദ്ധരിക്കണമെന്ന ആവശ്യം ശക്തമായി. ഉദ്ദേശം 250 മീറ്റർ നീളവും 8 മീറ്റർ വീതിയുമുള്ള ഈ റോഡ് ജില്ലാ കൃഷിഫാമിന് മുന്നിലൂടെയും ടൗൺ പള്ളിയുടെ പിന്നിലൂടെയുമായി പെരിയാർ നദിവരെ നീണ്ടുകിടക്കുകയാണ്.
ഇപ്പോൾ നിർമാണത്തിലിരിക്കുന്ന പാലത്തിലേക്കുള്ള എളുപ്പവഴിയുമാണിത്.
ആവോലിച്ചാലിന് തിരിയുന്ന ഭാഗം മുതൽ നിലവിലുള്ള പാലംവരെയുള്ള ഈ റോഡിന്റെ ആരംഭഭാഗം 100 മീറ്ററോളം പൊതുജനങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. തുടർന്നുള്ള ഭാഗത്ത് 50 മീറ്റർ റോഡാണ് തകർന്ന് അനാഥമായി കിടക്കുന്നത്. ഇവിടെ അനധികൃത കൈയേറ്റങ്ങളും നടന്നിട്ടുണ്ട്. 35 വർഷം മുൻപ് പ്രകൃതി ക്ഷോഭത്തിൽ ഒരു കലിങ്ക് തകർന്നതിനെതുടർന്നാണ് റോഡ് ഉപയോഗശൂന്യമായത്.
തന്മൂലം ഇവിടം കുണ്ടും കുഴികളും നിറഞ്ഞ് കാട് കയറി നശിച്ചുകിടക്കുകയാണ്. തകർന്ന ഭാഗത്തു പുതിയൊരു കലിങ്കിനോടോപ്പം പാർശ്വഭിത്തികളുംകൂടി നിർമിച്ച് റോഡ് റീ ടാർ ചെയ്യുകയും അനധിക്യത കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും ചെയ്താൽ ഇതുവഴി ഗതാഗതം പുനരാരംഭിക്കാൻ കഴിയുമത്രെ. ഈ റോഡ് സഞ്ചാരയോഗ്യമാക്കിയാൽ നേര്യമംഗലം ടൗണിലെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരവുമാകും.
ജനപ്രതിനിധികളും അധികൃതരും ഇടപെട്ട് എത്രയും വേഗം ഈ ബൈപാസ് റോഡ് പുനരുദ്ധരിക്കണമെന്ന് എകെസിസി നേര്യമംഗലം സെന്റ് ജോസഫ്സ് ഇടവക യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. വികാരി ഫാ. മാത്യു തോട്ടത്തിമ്യാലിൽ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തങ്കച്ചൻ കിഴക്കുംകര അധ്യക്ഷത വഹിച്ചു. ഷെകിൻ കൂവക്കാട്ട്, നിധിൻ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.