ശാന്തിപുരം കോളനിക്കാര്‍ക്ക് ഹൈ ലൈഫ്
1577263
Sunday, July 20, 2025 4:57 AM IST
197 കുടുംബങ്ങള്‍ക്ക് ആധുനിക സൗകര്യങ്ങളോടെയുള്ള വീട് ഒരുങ്ങും
കൊച്ചി: അടുക്കിവെച്ച സോപ്പുപെട്ടി കണക്കെയുള്ള കൂരയില്‍ നിന്ന് നഗരജീവിതത്തിന്റെ നിറപ്പകിട്ടാര്‍ന്ന ‘ഹൈ ലൈഫ്' ലേക്കുള്ള ശാന്തിപുരം കോളനി നിവാസികളുടെ സ്വപ്നം സഫലമാകുന്നു.
ശാന്തിപുരം കോളനി നിവാസികളുടെ ഭവന നിര്‍മാണ പദ്ധതി യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണ് കൊച്ചി കോര്പറേഷന്. സ്ഥലപരിമിതിയുടെ സങ്കീര്‍ണതകളില്‍ കുടുങ്ങിയ മുടങ്ങിയേക്കുമെന്ന് ആശങ്കപ്പെട്ട പദ്ധതിയാണ് തടസങ്ങള്‍ നീങ്ങി ഇപ്പോള്‍ യാഥാര്‍ഥ്യത്തിലേക്ക് എത്തിയത്.
കൊച്ചി കോര്പറേഷന് 44-ാം ഡിവിഷനിലെ കാരണക്കോടം ഭാഗത്തെ ശാന്തിപുരം കോളനിയിൽ താമസിക്കുന്ന 197 കുടുംബങ്ങള്‍ക്കാണ് ആധുനിക സൗകര്യങ്ങളോടെയുള്ള വീടുകള്‍ പണിയുന്നത്. പോക്കറ്റ് ഹോംസ് എന്ന ആശയത്തിലൂന്നി ആസാദി ഗ്രൂപ്പിന്റെ ആര്‍ക്കിടെക്ട് എന്‍ജിനീയറിംഗ് കോളജാണ് പ്ലാന്‍ തയാറാക്കിയത്.
രണ്ട് ബെഡ്റൂമുകള്‍, ഡൈനിംഗ് കം ലിവിംഗ് റൂം, അടുക്കള, ബാത്ത് റൂം എന്നീ സൗകര്യങ്ങള്‍ ഓരോ വീടിനും ഉണ്ടാകും. മൂന്ന് സെന്റിലാണ് നിര്‍മാണം. താഴെയും മുകളിലുമായി രണ്ടു വീതം വീടുകളുണ്ടാകും. എട്ടു വീടുകളെ ഒരു ബ്ലോക്കായാണ് കണക്കാക്കുന്നത്. അത്തരത്തില്‍ 25 ബ്ലോക്കുകള്‍. ആകെ 200 വീടുകള്‍. അപ്പാര്‍ട്ട്മെന്റുകള്‍ക്ക് പുറമേ ഓഡിറ്റോറിയം, പ്ലേ സ്കൂള്‍, ലൈബ്രറി, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയും പദ്ധതി പ്രദേശത്ത് നിര്‍മിക്കും.
ഒരു വീടിന് 10 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. നാല് ലക്ഷം രൂപ പിഎംഎവൈ പദ്ധതിവഴി ലഭ്യമാക്കും ശേഷിക്കുന്ന തുക സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് കണ്ടെത്താനാണ് ശ്രമം. ബിപിസിഎല്‍ ഒരു കോടിയും മരീന വണ്‍ ഗ്രൂപ്പ് 50 ലക്ഷവും സിഎസ്ആര്‍ ഫണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. 20 കോടിക്ക് മേലെയാണ് പദ്ധതിയുടെ ആകെ ചെലവ്.
നിലവില്‍ ലഭ്യമായ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് രണ്ടോ മൂന്നോ ബ്ലോക്കുകള്‍ ആദ്യഘട്ടമായി നിര്‍മിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മേയര്‍ അഡ്വ.എം. അനില്‍കുമാറും ഡിവിഷന് കൗണ്‍സിലര്‍ ജോര്‍ജ് നാനാട്ടും പറഞ്ഞു.