ദമ്പതികളെ തീകൊളുത്തിയ സംഭവം: ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍തന്നെ
1577265
Sunday, July 20, 2025 4:57 AM IST
കൊച്ചി: എറണാകുളം വടുതലയില്‍ ദമ്പതികളെ അയല്‍വാസി തീകൊളുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ നില ഗുരുതരമായി തുടരുന്നു. വടുതല കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ക്രിസ്റ്റഫറും (ക്രിസ്റ്റി-54), ഭാര്യ മേരിയുമാണ് (50) ചികിത്സയില്‍ കഴിയുന്നത്.
ഇവരെ തീ കൊളുത്തിയ ശേഷം ആത്മഹത്യ ചെയ്ത വടുതല പൂവത്തിങ്കല്‍ വില്യംസ് കൊറയ(52)യുടെ മൃതദേഹം ഇന്നലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചാത്യാത്ത് പള്ളിയില്‍ സംസ്കരിച്ചു. 55 ശതമാനത്തിലധികം പൊള്ളലേറ്റ ക്രിസ്റ്റഫര്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. 15 ശതമാനം പൊള്ളലേറ്റ മേരിയും ഇവിടെ ചികിത്സയില്‍ തുടരുന്നു.
കുടുംബവീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വില്യംസ് കൊറയ അയല്‍വാസികളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നില്ല. ക്രിസ്റ്റഫറും മേരിയുമായി വില്യംസ് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. ഇവരുടെ വീട്ടിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ സിസിടിവി കാമറ സ്ഥാപിച്ചു.
ഇതേതുടര്‍ന്നുള്ള വഴക്കിന്റെ ഭാഗമായി കരുതിക്കൂട്ടി ക്രിസ്റ്റഫറിനെയും മേരിയെയും വില്യംസ് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.