കര്‍ക്കടക വാവ് : ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍
1577267
Sunday, July 20, 2025 4:57 AM IST
കൊച്ചി: കര്‍ക്കടക വാവുബലി തര്‍പ്പണത്തിന് മഴ സാഹചര്യം കൂടി കണക്കിലെടുത്ത് ജില്ലയിൽ വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കുന്നത്. ആലുവ മണപ്പുറം, പെരുമ്പാവൂര്‍ ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം, കാലടി പെരിയാറിന്റെ തീരത്തും ബലിതര്‍പ്പണത്തിനുള്ള എല്ലാ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്.
സുരക്ഷാക്രമീകരണങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അന്‍വര്‍ സാദത്ത് എംഎല്‍എയുടെയും ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വിനോദ് രാജിന്റെയും നേതൃത്വത്തില്‍ ആലുവ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ അവലോകന യോഗം ചേര്‍ന്നു.
ആലുവ അദ്വൈതാശ്രമത്തിലും വാവ് ദിവസം പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കും.
സിസിടിവി കാമറ നിരീക്ഷണം
മോഷ്ടാക്കളെയും റൗഡികളെയും മറ്റും നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചതായി പോലീസ് അറിയിച്ചു. ആലുവ റെയില്‍വേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിനു പ്രത്യേകമായി പോലീസിനെ വിന്യസിക്കും. പ്രധാനപ്പെട്ട ജംഗ്ഷനുകളിലും തിരക്കുള്ള സ്ഥലങ്ങളിലും സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പെരിയാറിലെ ജലനിരപ്പ് ഇടവിട്ട അവസരങ്ങളില്‍ പരിശോധിച്ച് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. അപകട സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് അഗ്നിരക്ഷാ സേനയുടെ സേവനം ഉറപ്പാക്കും.
അനധികൃത മദ്യവില്പന, ലഹരി വസ്തുക്കളുടെ വില്പന, ഉപയോഗം എന്നിവ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ എക്സൈസ് വകുപ്പിന് നിര്‍ദേശം നല്കി. സ്ഥലത്തെ കടകളിലും ഹോട്ടലുകളും മറ്റ് ഇടങ്ങളിലും നല്കുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധിക്കും.
ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍, മൂവാറ്റുപുഴ ആര്‍ടിഒ എന്നിവരുടെ നേതൃത്വത്തിലാണ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്.