ഹണിട്രാപ്പിൽപ്പെടുത്തി യുവാവിന്റെ നഗ്നചിത്രങ്ങൾ പകർത്തി; യുവതിയടക്കം രണ്ടുപേർ പിടിയിൽ
1577270
Sunday, July 20, 2025 4:57 AM IST
കോതമംഗലം: ഹണിട്രാപ്പിൽപ്പെടുത്തി യുവാവിനെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. നെല്ലിക്കുഴി ഇരമല്ലൂർ പാറയ്ക്കൽ അശ്വനി (22), കുട്ടമ്പുഴ കല്ലേലിമേട് മുള്ളൻകുഴിയിൽ അമൽ ജെറാൾഡ് (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 15 നാണ് സംഭവം. കോതമംഗലത്തുള്ള ലോഡ്ജിലേക്ക് രണ്ടുപേരും ചേർന്ന് യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. മുറിയിൽ എത്തിയശേഷം കമ്പി വടി വീശി ഭീഷണിപ്പെടുത്തുകയും കവിളത്ത് കൈകൊണ്ട് അടിക്കുകയുമായിരുന്നു. തുടർന്ന് യുവതിയോട് ചേർത്ത് നിർത്തി യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയും വീഡിയോയും എടുത്തു.
പിന്നീട് യുവാവ് ധരിച്ചിരുന്ന സ്വർണ മാലയും എഴുപതിനായിരം രൂപ വില വരുന്ന ഫോണും കൈക്കലാക്കി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണ മുതൽ വിറ്റ് കിട്ടിയ പണത്തിൽ ബാക്കിയുണ്ടായിരുന്ന 25,000 രൂപയും 8.00 ഗ്രാമോളം കഞ്ചാവും അമൽ ജെറാൾഡിൽ നിന്നും കണ്ടെടുത്തു. ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസ് ഉൾപ്പെടെ 16 കേസുകൾ നിലവിലുണ്ട്. കുട്ടമ്പുഴ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്.
യുവതി പെരുമ്പാവൂർ സ്റ്റേഷനിലെ കേസിലെ പ്രതിയുമാണ്. അന്വേഷണ സംഘത്തിൽ സിഐ പി.ടി.ബിജോയ്, എസ്ഐ മാരായ അജി, മനോജ്, എഎസ്ഐ സിജി, എസ്സി പിഒ മാരായ സുഭാഷ്, അജ്മൽ എന്നിവർ ഉണ്ടായിരുന്നു.