ചന്ദേര്‍കുഞ്ജ് അപ്പാര്‍ട്ട്മെന്റ് ബി, സി ടവറുകളിലെ താമസക്കാര്‍ ഒരാഴ്ചയ്ക്കകം ഒഴിയണം: ഹൈക്കോടതി
1592561
Thursday, September 18, 2025 4:21 AM IST
കൊച്ചി: പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട വൈറ്റില ചന്ദേര്‍കുഞ്ജ് അപ്പാര്‍ട്ട്മെന്റിലെ ബി,സി ടവറുകളിലെ താമസക്കാര്‍ ഏഴ് ദിവസത്തിനകം ഒഴിയണമെന്ന് ഹൈക്കോടതി. ബലക്ഷയമുള്ള ടവറുകള്‍ പൊളിച്ച് പുതിയത് പണിയുന്നതിന് അഞ്ചു വര്ഷണെങ്കിലും കാലതാമസമുണ്ടാകും. ഒഴിയുന്ന ഫ്ളാറ്റുടമകള്‍ക്ക് അതുവരെ താമസിക്കാന്‍ വാടക നല്‍കുന്നതും നഷ്ടപരിഹാരത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ആദ്യ ആറു മാസത്തേക്ക് വാടകയിനത്തില്‍ 2.97 കോടി എഡബ്ല്യുഎച്ച്ഒ കെട്ടിവച്ചതായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി കോടതിയെ അറിയിച്ചു.
ബി ടവറിലെ 74 പേരും സി ടവറിലെ 78 ഉടമകളുമാണ് നഷ്ടപരിഹാരമായി ലഭിക്കുന്ന വാടക വാങ്ങി മാറി താമസിക്കാന്‍ തയാറായിട്ടുള്ളത്. ശേഷിക്കുന്നവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അവര്‍ക്കും അനുവദിക്കും.
വാടക കരാര്‍ ഹാജരാക്കുന്ന പക്ഷം സമയാസമയങ്ങളില്‍ ഇവര്‍ക്ക് തുക വര്‍ധിപ്പിച്ചു നല്‍കണമെന്നും ഡിവിഷന് ബെഞ്ച് ഉന്നതതല സമിതിയോട് നിര്‍ദേശിച്ചു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട സിംഗിള്‍ബെഞ്ച് ഉത്തരവിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് അന്തേവാസികളുടെ കൂട്ടായ്മയും ആര്‍മി വെല്‍ഫെയല്‍ ഹൗസിംഗ് ഓര്‍ഗനൈസേഷനും സമര്‍പ്പിച്ച അപ്പീലുകള്‍ തീര്‍പ്പാക്കിയാണ് ജസ്റ്റീസ് അമിത് റാവല്‍, ജസ്റ്റീസ് പി.വി.ബാലകൃഷ്ണന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
അപ്പാര്‍ട്ട്മെന്റ് പണിയാനും പുനരധിവാസത്തിനും 175 കോടി രൂപ മുടക്കാനാണ് എഡബ്ല്യുഎച്ച്ഒ സമ്മതിച്ചിട്ടുള്ളത്. എന്നാല്‍ നിര്‍മാണചെലവ് കാലാകാലങ്ങളില്‍ ഉയരുമെന്നതിനാല്‍ 211.49 കോടി വേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം. എത്രതുക വേണ്ടി വന്നാലും അത് എഡബ്ല്യുഎച്ച്ഒ വഹിക്കണമെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
വായ്പയെടുത്ത് ഫഌറ്റ് വാങ്ങുകയും നിലവില്‍ മറ്റിടങ്ങളില്‍ താമസിക്കുകയും ചെയ്യുന്നവര്‍ വായ്പയുടെയും ഇഎംഐ അടയ്ക്കുന്നതിന്റെയും രേഖകള്‍ ഹാജരാക്കിയാല്‍ നിശ്ചിത നിരക്കില്‍ വാടക അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.
ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിനായി ബന്ധപ്പെട്ട അഥോറിറ്റികളെ സമീപിക്കുന്നതിന് തടസമില്ല. ഇതിന് അനുമതി നിഷേധിച്ച എഡബ്ല്യുഎച്ച്ഒയുടെ നടപടി ഡിവിഷന് ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.