ഇരിങ്ങാലക്കുട: മഹാനവമി, ദീപാവലി അവധികൾ കണക്കുകൂട്ടി ഉല്ലാസയാത്രകൾ സംഘടിപ്പിക്കാനൊരുങ്ങി െകഎസ്ആർടിസി ഇരിങ്ങാലക്കുട ഡിപ്പോ.
ഓണാവധിക്കാലത്തെ യാത്രകൾ വിജയിച്ചതിന്റെ ആവേശത്തിലാണിത്. ഒക്ടോബർ രണ്ട് മുതലാണ് യാത്രകൾ നടത്തുന്നത്. മലക്കപ്പാറ, നെല്ലിയാന്പതി, മൂന്നാർ ജംഗിൾ സഫാരി, വാഗമണ്‍, ആഡംബര കപ്പലിൽ ഉല്ലാസയാത്ര, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവും വള്ളസദ്യയും തുടങ്ങിയവയാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മലങ്കര ഡാം, കാഞ്ഞാർ വ്യൂ പോയിന്റ്, അഡ്വെഞ്ചർ പാർക്ക്, ഫൈൻ വാലി, മുട്ടക്കുന്ന് എന്നിവയടങ്ങുന്ന വാഗമണ്‍ യാത്രക്ക് ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് ആയിരംരൂപയും ആഴക്കടൽ അടക്കം അഞ്ചുമണിക്കൂർ നീണ്ടുനിൽക്കുന്ന കപ്പൽ ഉല്ലാസയാത്രക്ക് 2800, അഞ്ചുമുതൽ ഒന്പതുവരെ വയസുള്ള കുട്ടികൾക്ക് 1100 എന്നിങ്ങനെയും നെല്ലിയാന്പതിക്ക് ഭക്ഷണം ഉൾപ്പെടെ 690, മൂന്നാർ ജംഗിൾ സഫാരിക്ക് ഭക്ഷണം ഉൾപ്പെടെ 900, പഞ്ചപാണ്ഡവ ക്ഷേത്രദർശനത്തിന് 1300, മലക്കപ്പാറയ്ക്ക് 430 എന്നിങ്ങനെയാണ് യാത്രാനിരക്ക്. മലക്കപ്പാറ, നെല്ലിയാന്പതി, മൂന്നാർ ജംഗിൾ സഫാരി, വാഗമണ്‍ എന്നിവിടങ്ങളിലേക്ക് എട്ടുദിവസം വീതവും കപ്പൽയാത്രയും പഞ്ചപാണ്ഡവ ക്ഷേത്രദർശനയാത്രയും രണ്ടു ദിവസങ്ങളിലുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആഡംബര കപ്പൽയാത്ര ഉച്ചക്ക് ഒരു മണിക്കും മറ്റുള്ളവ രാവിലെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 04802823990, 8921163326.