ഗുരുവായൂർ നഗരസഭ! ബജറ്റ് പ്രഖ്യാപനം നടപ്പാകുന്നു: ബിപിഎൽ കുടുംബങ്ങൾക്ക് വാതക ശ്മശാനം സൗജന്യം
1282475
Thursday, March 30, 2023 1:03 AM IST
ഗുരുവായൂർ: നഗരസഭയുടെ ചൂൽപ്പുറത്തെ വാതക ശ്മശാനത്തിൽ ഏപ്രിൽ ഒന്നുമുതൽ ബിപിഎൽ കുടുംബങ്ങൾക്ക് മൃതദേഹം സംസ്കരിക്കുന്നത് സൗജന്യമാക്കാൻ നഗരസഭ കൗണ്‍സിൽ യോഗം തീരുമാനിച്ചു.
കഴിഞ്ഞദിവസം നഗരസഭയിൽ അവതരിപ്പിച്ച ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ഇത്. നഗരസഭയുടെ 43 വാർഡുകളിലെ ബിപിഎൽ കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മറ്റുള്ളവർക്ക് സംസ്കാരത്തിന് നിലവിലെ നിരക്ക് തുടരും. എന്നാൽ നഗരസഭക്ക് പുറത്തുനിന്ന് എത്തുന്നവർക്ക് മൃതദേഹം സംസ്കരിക്കുന്നതിനുള്ള നിരക്കിൽ വർധനവ് വരുത്തിയിട്ടുണ്ട്. 2,500 എന്നുള്ളത് 4,000 രൂപയാക്കി. അമൃത് കുടിവെള്ള പദ്ധതി രണ്ടിൽ നഗരസഭയുടെ ഒൻപത് വാർഡുകളിലെ 2000 വീടുകളടങ്ങിയ ഒരു ക്ലസ്റ്ററിൽ 24 മണിക്കൂറും കുടിവെള്ളം എത്തിക്കുന്നതിനുവേണ്ടി സിറ്റി ലവൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നതിന് തീരുമാനിച്ചു.
ബ്രഹ്മകുളത്തെ ഇ.കെ. നായനാർ സ്മാരക ചിൽഡ്രൻസ് പാർക്കിലെ വേദി പൊതുജനങ്ങൾക്ക് 1000 രൂപ നിരക്കിൽ നൽകുന്നതിന് തീരുമാനിച്ചു. കൗണ്‍സിൽ യോഗത്തിൽ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു.
കൗണ്‍സിലർമാരായ എ.എം. ഷെഫീർ, എ.എസ്. മനോജ്, എ. സായിനാഥൻ, കെ.പി. ഉദയൻ, കെ.പി.എ. റഷീദ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.